പരസ്യ പ്രതികരണം വേണ്ട; മുഖ്യമന്ത്രി തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്

പറയാനുള്ളത് പാർട്ടി വേദികളിൽ പറയാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്
High command CM dispute kerala

പരസ്യ പ്രതികരണം വേണ്ട; മുഖ്യമന്ത്രി തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്

file image

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫലം വരും മുമ്പേ കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും മാനക്കേടായി മാറിയ 'മുഖ്യമന്ത്രി തർക്കത്തിൽ' ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചു. നേതാക്കൾക്ക് അവരുടെ അഭിപ്രായം പാർട്ടി വേദികളിൽ പറയാമെന്നും പരസ്യ പ്രസ്താവകൾ വേണ്ടെന്നും നിർദേശിച്ചു.

നേരത്തെ പരസ്യ പ്രതികരണം വിലക്കാൻ എഐസിസി നിർദേശം നൽകിയെങ്കിലും കേരളത്തിലെ മുതിർന്ന നേതാക്കൾ വഴങ്ങിയില്ല. ഇതിൽ വ്യാപക പരാതി എത്തിയതോടെയാണ് നിലപാട് കടുപ്പിച്ചത്. മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രിയാകണം എന്ന നിലയിൽ ഇരുവിഭാഗത്തെയും അനുകൂലിക്കുന്ന നേതാക്കളും പ്രവർത്തകരും പരസ്യമായി പ്രതികരിച്ചതും സമൂഹ്യമാധ്യമങ്ങളിൽ തല്ലു കൂടിയതുമാണ് വിവാദങ്ങൾക്ക് തുടക്കം. അതിനിടെ എഐസിസി ജന. സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ പേരും വന്നു.

സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും പരസ്യ പ്രതികരണങ്ങൾക്ക് പിന്നാലെ നേതാക്കൾ നേരിട്ടും അനുകൂലികൾ വഴിയും ഡൽഹിയിലെത്തി സ്ഥാനം ഉറപ്പിക്കാൻ ഇവരെല്ലാം ഇടപെടൽ നടത്തി. രമേശ് ചെന്നിത്തലയെ അനുകൂലിച്ചിരുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഉൾപ്പടെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തുകയാണ്. ഇതോടെ മുന്നണിയിൽ വ്യാപക അതൃപ്തി.

മുസ്‌ലിം ലീഗടക്കം ഘടകക്ഷികൾ എഐസിസി നേതാക്കളെ പരാതി അറിയിച്ചു. ബെന്നി ബെഹനാൻ അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെയാണ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയത്. തൽക്കാലം വിഷയത്തിൽ പരസ്യപ്രതികരണങ്ങൾ വേണ്ടെന്നാണ് പാർട്ടി നിലപാട്.

യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സമയം എംപിമാരുടെയും എംഎൽഎമാരുടെയും നിലപാടും തേടുമെന്നും ഇപ്പോൾ ഇതാരോടും പറയേണ്ടെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും വി.ഡി. സതീശൻ പ്രതികരിച്ചില്ല. അതേസമയം, വേണുഗോപാലിനെ പിന്തുണച്ച കെപിസിസി മുൻ പ്രസിഡന്‍റ് കെ. സുധാകരന്‍റെ പരസ്യ പ്രസ്താവന തള്ളിയ മുൻ പ്രസിഡന്‍റ് കെ. മുരളീധരൻ തനിക്കുള്ള അഭിപ്രായം പാർട്ടിയിൽ അറിയിക്കുമെന്നു പറഞ്ഞു.

വേണുഗോപാലിനായി സുധാകരനും തന്‍റെ സ്ഥാനത്തിനായി രമേശ് ചെന്നിത്തലയും ഡൽഹിയിലെത്തി നേതാക്കളെ കണ്ടെങ്കിലും മുഖ്യമന്ത്രി പോരിൽ പങ്കു ചേരാതെ മാറി കാത്തിരിക്കാനാണ് വി.ഡി. സതീശൻ പക്ഷത്തിന്‍റെ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com