ചൊക്രമുടിയിലെ ഭൂവുടമകളിൽ നിന്ന് താത്കാലിക കരം സ്വീകരിക്കാമെന്ന് ഹൈക്കോടതി

വിധിയുടെ പകർപ്പ് ലഭിച്ച് പത്തു ദിവസത്തിനകം നികുതി സ്വീകരിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് കോടതിയുടെ നിർദേശം.
High Court allows acceptance of provisional tax from landowners in Chokramudi

ചൊക്രമുടിയിലെ ഭൂവുടമകളിൽ നിന്ന് താത്കാലിക കരം സ്വീകരിക്കാമെന്ന് ഹൈക്കോടതി

Updated on

മൂന്നാർ: നീലക്കുറിഞ്ഞി പൂവിട്ട് ശ്രദ്ധയാകർഷിച്ച ചൊക്രമുടിയിലെ ഭൂമി വീണ്ടും നിയമവിവാദങ്ങളിലേക്ക്. ബൈസൺവാലി വില്ലെജിൽപ്പെട്ട ചൊക്രമുടിയിൽ റവന്യൂ വകുപ്പ് മുൻപ് ഏറ്റെടുത്ത രണ്ടേക്കറിലധികം ഭൂമിക്ക് താത്കാലികമായി കരം സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിധിയുടെ പകർപ്പ് ലഭിച്ച് പത്തു ദിവസത്തിനകം നികുതി സ്വീകരിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് കോടതിയുടെ നിർദേശം.

മൂന്നാർ ഇക്കാനഗർ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണുനിർണായക ഉത്തരവ്. ഹർജിക്കാരുടെ അമ്മയുടെ പിതാവിന് 1975ൽ ലഭിച്ച പട്ടയ ഭൂമിയാണിത്. മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടയം സമ്പാദിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഇതുൾപ്പെടെ 13 ഏക്കർ 79 സെന്‍റിന്‍റെ പട്ടയം 2025 മാർച്ചിൽ റവന്യൂ വകുപ്പ് റദ്ദാക്കി ഭൂമി ഏറ്റെടുത്തിരുന്നു.

ഇതിനെതിരേ ഭൂവുടമകൾ നൽകിയ അപ്പീൽ നിലവിൽ ഇടുക്കി ജില്ലാ കലക്റ്ററുടെ പരിഗണനയിലാണ്. എന്നാൽ, കാർഷിക വായ്പകൾ പുതുക്കാൻ കരം അടയ്ക്കേണ്ടതുണ്ടെന്നും വില്ലെജ് ഓഫിസർ കരം സ്വീകരിക്കാൻ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഇവർ ഹൈക്കോടതിയെ സമീക്കുകയായിരുന്നു. കലക്റ്ററുടെ അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ താത്കാലികമായി കരം സ്വീകരിക്കാനാണു ഹൈക്കോടതിയുടെ ഉത്തരവ്. ചൊക്രമുടിയിൽ നിന്ന് മുൻപ് ഒഴിപ്പിക്കപ്പെട്ട കൂടുതൽ പേർ സമാന ആവശ്യങ്ങളുമായി കോടതിയെ സമീപിക്കാൻ ഇത് വഴിയൊരുക്കിയേക്കും.

logo
Metro Vaartha
www.metrovaartha.com