High Court awards record compensation in car accident

വാഹനാപകടത്തിൽ റെക്കോഡ് നഷ്ടപരിഹാരത്തുക വിധിച്ച് ഹൈക്കോടതി

file image

വാഹനാപകടത്തിൽ റെക്കോഡ് നഷ്ടപരിഹാരത്തുക വിധിച്ച് ഹൈക്കോടതി

പരീക്ഷാ സെന്‍ററിലേക്ക് അച്ഛൻ എബ്രഹാമിനൊപ്പം ബൈക്കിൽ പോവുന്ന വഴിയാണ് ഷിബിയെ എതിരേ വന്ന ലോറി ഇടിച്ച് തെറിപ്പിച്ചത്.
Published on

കൊച്ചി: പത്തനംതിട്ടയിൽ അച്ഛനും മകളും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റെക്കോർഡ് നഷ്ടപരിഹാര തുക വിധിച്ച് കേരള ഹൈക്കോടതി. 2013 ൽ പത്തനംതിട്ടയിൽ ഉണ്ടായ അപകടത്തിൽ നഴ്സും അച്ഛനും മരിച്ച കേസിലാണ് ആറരക്കോടി രൂപ നഷ്ടപരിഹാരമായി കോടതി വിധിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിൽ നഴ്സായി ജോലി ചെയ്തിരുന്ന കുളത്തുപ്പുഴ സ്വദേശിനി ഷിബി എബ്രഹാം 2013 ലാണ് എംബിഎ പരീക്ഷ എഴുതാൻ നാട്ടിലെത്തിയത്. മേയ് 9ന് പരീക്ഷാ സെന്‍ററിലേക്ക് അച്ഛൻ എബ്രഹാമിനൊപ്പം ബൈക്കിൽ പോവുന്ന വഴിയാണ് എതിരേ വന്ന ലോറി ഇടിച്ച് തെറിപ്പിച്ചത്.

ഷിബി അപകടം നടന്ന സമയത്തു തന്നെ മരിച്ചിരുന്നു. എബ്രഹാം ചികിത്സയിലിരിക്കെയും മരിച്ചു. ബന്ധുകൾ നൽകിയ കേസിൽ നഷ്ടപരിഹാരമായി 2.92 കോടി രൂപയും 7 ശതമാനം പലിശയും കോടതിച്ചെലവായി 7.14 ലക്ഷം രൂപയും അച്ഛൻ മരിച്ചതിൽ 4.92 ലക്ഷം രൂപയും 9 ശതമാനം പലിശയും കോടതിച്ചെലവായി 26,897 രൂപയും നൽകാൻ പത്തനംതിട്ട മോട്ടോർ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണൽ വിധിച്ചു. വിധിക്കെതിരേ നാഷണൽ ഇൻഷൂറൻസ് കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകി.

പതിനാറ് വർഷത്തെ ഓസ്ട്രേലിയൻ ശമ്പളം നഷ്ടപരിഹാരമായി കണക്കാക്കി 73.68 ലക്ഷം രൂപയും 7 ശതമാനം പലിശയും അധികമായി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജി നൽകിയ കക്ഷികളുടെ ചെലവും ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് ഈടാക്കാൻ ഉത്തരവിട്ടു.

ഇതോടെയാണ് നഷ്ടപരിഹാരത്തുക 6.5 കോടിയായി ഉയർന്നത്. ഷിബിയുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും അപകടം നടന്ന സമയത്തെ 7 ഉം 12 ഉം വയസുള്ള കുട്ടികളുടെ സംരക്ഷണവും കണക്കിലെടുത്താണ് നഷ്ടപരിഹാരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

logo
Metro Vaartha
www.metrovaartha.com