

കെ.എം. ഷാജഹാൻ
കൊച്ചി: മാസപ്പടി കേസിൽ സിഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്തവെ ഹൈക്കോടതി സിഗിൾ ബെഞ്ചിനെ സമീപിച്ച ഹർജിക്കാരൻ ആരെന്ന് ചോദിച്ച കോടതി എന്താണ് ഈ കേസിൽ വ്യവഹാരത്തിനുള്ള നിയമപരമായ യോഗ്യതയെന്ന് ആരാഞ്ഞു.
മാധ്യമങ്ങൾ നിങ്ങളെ പിന്തുണച്ചേക്കാം. അത് ഹൈക്കോടതിയിൽ ബാധകമല്ല. കോടതിയെ പഠിപ്പിക്കാൻ വരരുതെന്ന് പറഞ്ഞ ഡിവിഷൻ ബെഞ്ച് നിങ്ങളാണോ പരാതിക്കാരനെന്നും ഷാജഹാന്‍റെ അഭിഭാഷകനോടായി ചോദിച്ചു.
ആദ്യം പൊലീസിന് പരാതി നല്‍കണം, പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ഉന്നത അധികാരിയെ സമീപിക്കണം. അതിന് ശേഷം സ്വകാര്യ അന്യായവുമായി മജിസ്‌ട്രേറ്റിനെ സമീപിക്കണം. മജിസ്‌ട്രേറ്റ് പരാതി പൊലീസിന് കൈമാറണം. ഇതാണ് രാജ്യത്തെ നിയമമെന്നും കേസെടുക്കാനുള്ള ക്രിമിനല്‍ നടപടിക്രമമെന്ന് വിശദീകരിച്ച കോടതി നിങ്ങൾക്കിതൊന്നും ബാധകമല്ലേയെന്നും ചോദിച്ചു.
കേസിൽ ഷാജഹാന്‍റെ ഇടപെടലിനെ സംസ്ഥാന സർക്കാറും കുറ്റപ്പെടുത്തി. ഹർജിക്കാരൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചതാണ് സർക്കാറിന്‍റെ പ്രാഥമിക അന്വേഷണത്തെ തടസ്സപ്പെടുത്തിയതെന്ന് എജി വാദത്തിനിടെ ചൂണ്ടിക്കാട്ടി. കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്ന് സർക്കാർ മുൻപും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഷാജഹാനെതിരായ ഹൈക്കോടതിയുടെ വിമർശം. ഇഡി കേസെടുക്കാനാവശ്യമായ വിവരങ്ങളോടെ കത്ത് നൽകിയിട്ടും സർക്കാർ കേസെടുക്കുന്നെല്ലെന്ന് കാട്ടിയാണ് ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്.