
കൊച്ചി: ശബരിമലയിലേക്ക് ട്രാക്റ്റർ യാത്ര നടത്തിയ സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ തുടർനടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി. എഡിജിപിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് ഹൈക്കോടതി തുടർനടപടികൾ അവസാനിപ്പിച്ചിരിക്കുന്നത്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി അജിത് കുമാറിന് നിർദേശം നൽകി. യാത്രയ്ക്കു വേണ്ടി ട്രാക്റ്റർ ഉപയോഗിച്ചുവെന്നായിരുന്നു അജിത് കുമാറിന്‍റെ വിശദീകരണം.
ഹൈക്കോടതി വിധി ലംഘിച്ചായിരുന്നു സന്നിധാനത്തേക്ക് അജിത് കുമാർ ട്രാക്റ്റർ യാത്ര നടത്തിയത്. സിസിടിവി ക‍്യാമറകൾ പ്രവർത്തിക്കുന്ന ഭാഗത്ത് യാത്ര ഒഴിവാക്കുകയും ചെയ്തു. ചരക്കു നീക്കത്തിനു മാത്രമെ ട്രാക്റ്റർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂയെന്നും ഡ്രൈവറല്ലാതെ മറ്റാരും ട്രാക്റ്ററിൽ ഉണ്ടാവാൻ പാടില്ലെന്നുമായിരുന്നു ഹൈക്കോടതി വിധി.
ഇതായിരുന്നു അജിത് കുമാർ ലംഘിച്ചത്. സംഭവം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ എം.ആർ. അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റി എക്സൈസ് കമ്മിഷണറായി നിയമിക്കുകയും ചെയ്തിരുന്നു.