തിരുവനന്തപുരം: സംസ്ഥാനത്ത് റംസാൻ-വിഷു വിപണന മേളകള്‍ നടത്താൻ കൺസ്യൂമർഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചാരണത്തിനും ഉപയോഗിക്കരുതെന്ന നിർദ്ദേശത്തോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. സബ്‌സിഡി അടക്കമുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ തുടരും. ചന്തകളുടെ നടത്തിപ്പിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് ഉത്സവ ചന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കണ്‍സ്യൂമെര്‍ ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പൊതുജനങ്ങളുടെ താല്‍പര്യവും ചന്ത തുടങ്ങാൻ സാധനങ്ങള്‍ വാങ്ങിയെന്ന് സര്‍ക്കാര്‍ അറിയിച്ചതും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
അതേസമയം, റംസാന്‍ - വിഷു ചന്തകള്‍ ഏപ്രിൽ 12 ഉച്ചമുതല്‍ ആരംഭിക്കുമെന്ന് കൺസ്യൂമർഫെഡ് അറിയിച്ചു. നഷ്ടപ്പെട്ട 4 ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 8 ദിവസം ചന്ത നടത്തുക. സംസ്ഥാനത്തെ 300 ഓളം ഔട്ട് ലെറ്റുകളിൽ ചന്തകൾ ആരംഭിക്കുമെന്നും കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.