ചൊക്രമുടിയിൽ സർക്കാരിന് തിരിച്ചടി: പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

ഭൂവുടമകൾക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ 7 തവണ അവസരങ്ങൾ നൽകിയിട്ടും അവർ ഹിയറിങ്ങിന് ഹാജരാകാത്ത സാഹചര്യത്തിലാണ് പട്ടയങ്ങൾ റദ്ദാക്കിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു
High Court has quashed the move to cancel the land title at Chokramudi.

ചൊക്രമുടിയിൽ സർക്കാരിന് തിരിച്ചടി: പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

file image

Updated on: 

കൊച്ചി: മൂന്നാറിലെ അതീവ പരിസ്ഥിതിലോല മേഖലയായ ചൊക്രമുടിയിലെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട നടപടിയിൽ സർക്കാരിന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ചൊക്രമുടിയിൽ മൂന്ന് പട്ടയങ്ങളിലായി 12 ഏക്കറോളം ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചുപിടിച്ച റവന്യൂ വകുപ്പിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പട്ടയ ഉടമകളുടെ വാദം കേൾക്കുന്നതിനായി 4 മാസത്തിനകം പുതിയ ഹിയറിംഗ് നടത്തി തുടർതീരുമാനമെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ദേവികുളം സബ് കലക്റ്റർക്ക് നിർദേശം നൽകി.

പട്ടയ ഉടമകളായിരുന്ന ഭൂവുടമകൾക്ക് ആവശ്യമായ റവന്യൂ രേഖകൾ ഹാജരാക്കാനോ തങ്ങളുടെ ഭാഗം വിശദീകരിക്കാനോ ഉള്ള മതിയായ അവസരം നൽകാതെയാണ് സർക്കാർ തലത്തിൽ ഏകപക്ഷീയമായി പട്ടയം റദ്ദാക്കൽ നടപടി ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. ഭൂവുടമകൾക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ 7 തവണ അവസരങ്ങൾ നൽകിയിട്ടും അവർ ഹിയറിങ്ങിന് ഹാജരാകാത്ത സാഹചര്യത്തിലാണ് പട്ടയങ്ങൾ റദ്ദാക്കിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, തങ്ങളുടെ കൈവശമുള്ള ഭൂമി സംബന്ധമായ ചില രേഖകൾ ലഭ്യമാകുന്നതിനായി റവന്യൂ അധികൃതർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ നൽകിയിരുന്നുവെന്നും, സർക്കാർ ഓഫീസുകളിൽ നിന്ന് ആ രേഖകൾ യഥാസമയം ലഭ്യമാകാത്തതിനാലാണ് തങ്ങളുടെ ഭാഗം വിശദമാക്കാൻ കഴിയാതിരുന്നതെന്ന് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിന് മുൻപാകെ ബോധിപ്പിച്ചു.

ഹർജിക്കാരുടെ ഈ വാദം സ്വാഭാവിക നീതിയുടെ പരിധിയിൽ വരുന്നതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, പട്ടയം റദ്ദാക്കിയ മുൻ ഉത്തരവ് അസാധുവാക്കുകയായിരുന്നു. ബന്ധപ്പെട്ട രേഖകൾ പൂർണമായി ശേഖരിച്ച് ഹാജരാക്കുന്നതിനായി ഹർജിക്കാർക്ക് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഹർജിക്കാർ സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച ശേഷം അവരുടെ ഭാഗം കൂടി കേട്ട് 4 മാസത്തിനുള്ളിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ദേവികുളം സബ് കലക്ടറോട് ഹൈക്കോടതി നിർദേശിച്ചത്.

logo
Metro Vaartha
www.metrovaartha.com