
കൊച്ചി: വൈറ്റിലയിൽ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി,സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
മൂന്ന് ടവറുകളാണ് അപ്പാർട്ട്മെന്‍റിലുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ് 2018 ൽ ഫ്ലാറ്റ് നിർമിച്ചത്. ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്‍റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് നിരീക്ഷിച്ച കോടതി രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് നിർദേശം നല്‍കി.
ഫ്ലാറ്റുകൾ പൊളിക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കലക്റ്ററുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനും കോടതി നിർദേശിച്ചു. ഫ്ലാറ്റ് പൊളിച്ച് പണി തീരും വരെ ഫ്ലാറ്റുകളിലെ താമസക്കാർക്ക് പ്രതിമാസ വാടക നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.