

ബ്രാൻഡിക്ക് പേരിടൽ മത്സരം നടത്തിയത് തങ്ങളല്ലെന്ന് ബെവ്കോ, സ്റ്റേ ചെയ്ത് ഹൈക്കോടതി
representative image
കൊച്ചി: സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മദ്യോത്പാദന കമ്പനിയായ മലബാർ ഡിസ്റ്റലറീസ് പുതുതായി ഇറക്കുന്ന പ്രീമിയം ബ്രാൻഡി ഉത്പന്നത്തിന് പേരും ലോഗോയും നിർദേശിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചുള്ള മത്സരം സ്റ്റേ ചെയ്ത് ഹൈക്കോടതി. മത്സരത്തിന്റെ നടത്തിപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പാലക്കാട് മലബാർ ഡിസ്റ്റിലറീസിൽ നിന്ന് ഇറക്കുന്ന ബ്രാൻഡിക്ക് പേര് കണ്ടുപിടിക്കുന്നവർക്കു 10,000 രൂപയായിരുന്നു ബെവ്കോ സമ്മാനം പ്രഖ്യാപിച്ചിരുന്നത്. സർക്കാർ നടത്തുന്ന ഇത്തരത്തിലുള്ള മത്സരങ്ങൾ സ്വകാര്യ മദ്യ നിർമാണ കമ്പനികൾ പിന്തുടരാൻ സാധ്യതയുണ്ടെന്നും മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ മത്സരത്തെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ബെവ്‌കോ സത്യവാങ്മൂലത്തിൽ പറഞ്ഞത്.
ബെവ്കോ സർക്കാരിനു കീഴിലുള്ള സ്ഥാപനമാണ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ മൊത്തവിൽപ്പനക്കാരും ചില്ലറ വിൽപ്പനക്കാരുമാണ്. ബെവ്കോ മദ്യം ഉത്പാദിപ്പിക്കുന്നില്ല. ഈ സാഹചര്യത്തിൽ പുതുതായി പുറത്തിറക്കുന്ന മദ്യത്തിനു പേര് നിർദേശിക്കാൻ പറയേണ്ട കാര്യമില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ബെവ്കോ പറഞ്ഞിരുന്നു. നിലവിലില്ലാത്ത മദ്യ ബ്രാൻഡിനായി പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കാൻ മാത്രമായിട്ടാണ് ഇത് ചെയ്തതെന്നും സർക്കാർ അഭിഭാഷകൻ കൂട്ടിച്ചേർത്തു.
നിലവിലുള്ള അബ്കാരി ചട്ടങ്ങൾക്കു വിരുദ്ധമായി മദ്യത്തിനു പരസ്യം നൽകി എന്നതും നിലനില്‍ക്കില്ലെന്ന് ബെവ്കോ പറഞ്ഞു. എന്നാൽ ബെവ്കോയുടെ വാദങ്ങൾ ഹൈക്കോടതി തള്ളി. പരസ്യത്തിന്റെ സ്വഭാവം യഥാർത്ഥത്തിൽ, മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും വിപണിയിൽ ഉത്പന്നം ലഭ്യമാക്കുന്നതിനുള്ള ഒരു നടപടിയുമാണെന്നും കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും മാർച്ച് 12ന് പരിഗണിക്കാനും മാറ്റി.