

കലൂർ നൃത്ത പരിപാടി അപകടം; കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ വച്ചു നടന്ന നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയിൽ നിന്ന് താഴേയ്ക്കു വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേൽക്കാൻ ഇടയായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.
ഓസ്കർ ഇവന്‍റ് മാനേജ്മെന്‍റ് ഉടമ ജനീഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ പാലാരിവട്ടം പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് പരാതിക്കാരൻ ഹർജി നൽകിയിരുന്നു.
കലൂർ സ്റ്റേഡിയത്തിന്‍റെ ഉടമകളായ ജിഡിസിഎയ്ക്ക് ഉമ തോമസ് എംഎൽഎ നഷ്ടപരിഹാരം ആവശ‍്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. രണ്ടു കോടി രൂപ വേണമെന്നായിരുന്നു എംഎൽഎയുടെ ആവശ‍്യം.
വിഐപി ഗാലറിയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡുകളും മറികടന്ന് നിന്ന് താഴേക്ക് വീഴുകയായിരുന്നു. താത്കാലികമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ബലമുള്ളതായിരുന്നില്ല. 20 അടിയോളം താഴ്ചയിലേക്കാണ് വീണത്.
കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീണ എംഎൽയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു, നട്ടെല്ലിനു പരുക്കേൽക്കുകയും തലച്ചോറിൽ മുറിവുണ്ടായതായും ചികിത്സിച്ച ഡോക്ടർമാർ അന്ന് വ‍്യക്തമാക്കിയിരുന്നു.