
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കരുത്; വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പാ വിനിയോഗത്തിൽ വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കരുതെന്ന് കോടതി കുറ്റപ്പെടുത്തി.
കാര്യങ്ങളെ നിസാരമായി കാണരുത്. ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലുള്ള ഉദ്യോഗസ്ഥർ. അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിലെത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി കേന്ദ്രത്തോട് നിർദേശിച്ചു. കേന്ദ്രം സമയം നീട്ടിച്ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
അതേസമയം, കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം നീട്ടി നൽകി. ഡിസംബർ 31 വരെയാണ് കേന്ദ്രം സമയം നീട്ടി നൽകിയത്. ഫണ്ട് വിനിയോഗിക്കാൻ മാർച്ച് 31 എന്ന തീയതി അപ്രായോഗികമാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു.