
ആലപ്പുഴ: വെള്ളപ്പൊക്കം മൂലം സ്കൂൾ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വിദ‍്യാർഥികളും അധ‍്യാപകരും നൽകിയ പരാതിയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കുട്ടനാട്ടിലെ കൈനകരി എസ്എൻഡിപി സ്കൂളിലെ 200 ഓളം വിദ‍്യാർഥികളും അധ‍്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിഷയത്തിൽ ഇടപെടണമെന്നാവശ‍്യപ്പെട്ട് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് വിദ‍്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്.
ശക്തമായ മഴ ഒന്നരമാസമായി തുടരുന്ന സാഹചര‍്യത്തിൽ 20 ഓളം ക്ലാസ് മുറിയിൽ വെള്ളം കയറിയതായും കമ്പ‍്യൂട്ടർ ലാബും ലൈബ്രറിയും പ്രവർത്തിക്കുന്നത് ശേഷിക്കുന്ന നാലു ക്ലാസ് മുറികളിലാണെന്നും കത്തിൽ പറയുന്നു.
വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ കലക്റ്റർക്ക് കോടതി നിർദേശം നൽകി.