'നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവരുത്' : താനൂർ ബോട്ടപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകളാണ് ടൂറിസം രംഗത്തുള്ളത്. സമാന സംഭവം എപ്പോൾ വേണമെങ്കിലും കേരളത്തിൽ എവിടെയും ആവർത്തിക്കപ്പെടാം
'നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവരുത്' : താനൂർ ബോട്ടപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കുട്ടികളടക്കം മരിച്ച വലിയ ഒരു ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അത്യധികം ദുഖഭാരത്താലാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി പറഞ്ഞു. കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല, സമാന അപകടങ്ങൾ മുൻപും സംഭവിച്ചിട്ടുണ്ട്. എല്ലാത്തവണയും അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും ഒന്നും നടക്കാറില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകളാണ് ടൂറിസം രംഗത്തുള്ളത്. സമാന സംഭവം എപ്പോൾ വേണമെങ്കിലും കേരളത്തിൽ എവിടെയും ആവർത്തിക്കപ്പെടാം. നിയമസംവിധാനങ്ങൾ നോക്കുകുത്തിയായാൽ ആർക്കും എന്തും ചെയ്യാമല്ലോ, നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം, ജീവൻ ഇനിയും പൊലിയരുത്. ഇത് മുന്നിൽ കണ്ടാണ് ഇടപെടുന്നതെന്നും കോടതി വ്യക്തമാക്കി.

കേസിൽ ചീഫ് സെക്രട്ടറി, താനൂർ മുൻസിപ്പാലിറ്റി മലപ്പുറം പൊലീസ് ചീഫ്, പോർട് ഓഫീസർ ആലപ്പുഴ, സീനിയർ പോർട് കൺസർവേറ്റർ ബേപ്പൂർ, ജില്ലാ കലക്ടർ മലപ്പുറം എന്നിവരെ എതിർകക്ഷികളാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മലപ്പുറം ജില്ലാ കലക്ടർ താനൂർ ബോട്ടപകടം സംബന്ധിച്ച പ്രാഥമിക റിപ്പോ‍ർട് ഈ മാസം 12നകം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പരപ്പനങ്ങാടിയിലെ ജനം സ്വന്തം ജീവൻ പണയംവച്ച് നടത്തിയ രക്ഷാ പ്രവർത്തനത്തേയും കോടതി അഭിനന്ദിച്ചു.കേസ് വീണ്ടും ഈ മാസം 12ന് പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com