
എം.ബി. സന്തോഷ്
തിരുവനന്തപുരം: രോഗികളെ പിഴിയാതെ ന്യായവിലയ്ക്ക് മരുന്നു ലഭ്യമാക്കലാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ (കെഎംഎസ്‌സിഎൽ) ആഭിമുഖ്യത്തിൽ "കാരുണ്യ ഫാർമസി' രൂപീകരിക്കുമ്പോഴത്തെ ലക്ഷ്യം. എന്നാൽ, കെഎംഎസ്‌സിഎല്ലിലെ കെടുകാര്യസ്ഥത "കാരുണ്യ'യെ വരിഞ്ഞുമുറുക്കുകയാണ്. അത്യാവശ്യമുള്ള മരുന്നുകൾ പോലും ലഭ്യമല്ലാത്ത വിധം ഈ മെഡിക്കൽ സ്റ്റോറുകളെ രോഗികളിൽ നിന്ന് അകറ്റുന്നതിൽ ഇതിന്‍റെ ചുമതലക്കാർ പ്രത്യേക താല്പര്യമെടുക്കുന്നുണ്ടോ എന്ന് സംശയിക്കും വിധം തീരെ കരുണയില്ലാതെയാണ് ഇവയുടെ ഇപ്പോഴത്തെ പ്രവർത്തനം.
നിലവിൽ 70 കാരുണ്യ ഫാർമസികളാണുള്ളത്. ഇത് ആരംഭിച്ച ഘട്ടത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും കാരുണ്യ ഫാർമസി വേണമെന്ന് ആവശ്യമുയർന്നിരുന്നു. ഒരു മണ്ഡലത്തിൽ 2 എന്ന നിലയിൽ കുറഞ്ഞത് 300 കാരുണ്യ ഫാർമസി തുടങ്ങുമെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും ആരോഗ്യ മന്ത്രിയായിരുന്ന അടൂർ പ്രകാശും നിയമസഭയിൽ ഉറപ്പുനൽകി. അന്നത്തെ കെഎംഎസ്‌സിഎൽ എംഡിയും ഇന്നത്തെ കെഎസ്ഇബി സിഎംഡിയുമായ ബിജു പ്രഭാകറിന്‍റെ നേതൃത്വത്തിൽ ഇതിനായി നടപടി ആരംഭിച്ചതുമാണ്. എന്നാൽ, അതിനിടയിൽ മന്ത്രിമാറ്റമുണ്ടായതോടെ ഈ പദ്ധതി അട്ടിമറിക്കപ്പെട്ടു.
"കാരുണ്യ' ഫാർമസിയെക്കാൾ വില കുറവുള്ള മരുന്നു കടകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തന്നെയുണ്ട്. ഇവിടത്തെ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിലുള്ള പേയിങ് കൗണ്ടർ, എസ്എടി ഹെൽത്ത് എജ്യുക്കേഷൻ സൊസൈറ്റിയുടെ ഇൻഹൗസ് ഡ്രഗ് ബാങ്ക് (ഐഎച്ച്ഡിബി) എന്നിവ ഉദാഹരണം.
കാരുണ്യയുടെ മരുന്നുവില കെഎംഎസ്‌സിഎൽ വെബ്സൈറ്റിൽ ലഭ്യമാണ്. ഐഎച്ച്ഡിബി ആപ്പിൽ അവരുടെ വിലയും കിട്ടും. ഏറ്റവും കൂടുതൽ വില്പനയുള്ള 10 മരുന്നുകൾക്ക് ഐഎച്ച്ഡിബിയിലെയും കാരുണ്യയിലെയും വില താരതമ്യം ചെയ്യാൻ ഇതോടൊപ്പമുള്ള പട്ടിക പരിശോധിച്ചാൽ മതി.
പ്രൊസ്ട്രേറ്റ് കാൻസറിനുള്ള അബിറാട്ടോൺ 60 ഗുളികയ്ക്ക് വിപണി വില 39,500 രൂപയാണ്. "കാരണ്യ'യിൽ ഇത് 9,031 രൂപയ്ക്ക് കിട്ടുമെന്നത് ആശ്വാസം തന്നെ. എന്നാൽ, ഐഎച്ച്ഡിബിയിൽ "കാരുണ്യ'യിലേതിന്‍റെ പകുതിയോളം തുകയ്ക്കാണ് ഇത് കിട്ടുന്നത് - 4,983 രൂപയ്ക്ക്. അവയവ മാറ്റം നടത്തുന്നവർക്ക് അനിവാര്യമായ എംഎംഎഫ് 500 എംജിയുടെ 10 ഗുളികയുടെ വിപണിവില 783 രൂപ. "കാരുണ്യ'യിൽ ഇതിന് 631 രൂപ. എന്നാൽ, ഐഎച്ച്ഡിബിയിൽ ഇതിന് 190 രൂപയേയുള്ളൂ. 70 വില്പന ശാലകളുള്ള "കാരുണ്യ'യ്ക്ക് കൂുതൽ വിലക്കിഴവ് ലഭിക്കാൻ സാധ്യതയുള്ളപ്പോഴാണ് എസ്എടി പരിസരത്ത് മാത്രം വില്പനയുള്ള ഐഎച്ച്ഡിബിയിലെ ഈ വിലക്കിഴിവ്.