കനത്ത ചൂട്; വെയിൽ നേരിട്ട് കൊള്ളാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി

നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്‌ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല
high temperature alert
വീണാ ജോർജ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നേരിട്ട് വെയിൽ കൊള്ളരുതെന്ന് ആരോഗ്യ​മന്ത്രി വീണാ ജോര്‍ജ്. നേരത്തെ തന്നെ ആരോഗ്യ​വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. ശരീരത്തില്‍ നിന്നും അമിതമായ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്ന് മന്ത്രി പ​റ​ഞ്ഞു.

നിര്‍ജലീകരണം, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ നട്ടുച്ചയ്‌ക്കോ സൂര്യനുമായി നേരിട്ട് ബന്ധപ്പെടുമ്പോഴോ മാത്രം ഉണ്ടാകണമെന്നില്ല. പ്രായമായവര്‍, രോഗികള്‍ എന്നിവരെ സംബന്ധിച്ചു വീട്ടിനുള്ളില്‍ പോലും ഇതുണ്ടാകാം. അതിനാല്‍ ഇത്തരക്കാര്‍ക്ക് ജലാംശം ഉറപ്പാക്കുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയ​വ കൂടുതലായി നല്‍കണം. പ്രായാധിക്യമുള്ളവര്‍, രോഗികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ കിടക്കുന്നിടത്ത് വായൂ സഞ്ചാരം ഉറപ്പാക്കുക. സൂര്യാഘാതം മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകാമെന്നതിനാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളം ഉറപ്പാക്കുക. അമിതമായി മധുരം ചേര്‍ത്തതും കാര്‍ബണ്‍ ഡൈഓക്‌സൈഡ് ചേര്‍ത്തതുമായ വിവിധതരം പാനീയങ്ങള്‍ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. ഇവ നിര്‍ജലീകരണത്തിന് കാരണമാകാം. എല്ലാത്തരം മദ്യവും നിര്‍ജലീകരണത്തിന് കാരണമാകുമെന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.

ചൂട് കുരു, പേശി വലിവ്, ചര്‍മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. അതുപോലെ തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്‍ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങള്‍ മാറ്റുക. തണുത്ത വെള്ളം കൊണ്ട് ദേഹം തുടയ്ക്കുക. കാറ്റ് കൊള്ളുക, വീശുകയോ ഫാനോ എസിയോ ഉപയോഗിക്കുകയോ ചെയ്യുക. ഡോക്റ്ററെ കാണിച്ച് ചികിത്സ തേട​ണ​മെ​ന്നും മന്ത്രി നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com