

കൊച്ചി: കേരളത്തിലെ നാട്ടാനകളുടെ സെൻസസ് നടത്താൻ ഹൈക്കോടതി നിർദേശം. ആനകളുടെ നിലവിലെ സ്ഥിതി, ഉടമസ്ഥൻ, ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഉണ്ടോ, ഉടമസ്ഥത എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. ജില്ലാ കലക്റ്റർമാർ, സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലെ ഓരോ ജില്ലയിലേയും ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർ എന്നിവരെയാണ് സെൻസസിനു നിയോഗിച്ചിരിക്കുന്നത്. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ട് ഏകീകരിച്ച് ചീഫ് വൈൽഡ്‍ ലൈഫ് വാർഡൻ ഹൈക്കോടതിയിൽ സമർപ്പിക്കണം- ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
ആനകളെ എഴുന്നെള്ളിക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഇന്നലെ സുപ്രീം കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതേ വിഷയം പരിഗണിച്ചത്. കേരളത്തിലുള്ള 349 നാട്ടാനകളിൽ 225 എണ്ണത്തിനു മാത്രമാണ് ഉടമസ്ഥതാ സർട്ടിഫിക്കറ്റുള്ളത്.
124 എണ്ണത്തിന് സർട്ടിഫിക്കറ്റില്ല. അതുകൊണ്ടു തന്നെ ഏതു വിധത്തിലാണ് ആനകളുടെ ഉടമസ്ഥതാ അവകാശം ആനകളെ കൈവശം വച്ചിരിക്കുന്നവർക്ക് ലഭിച്ചത് എന്നറിയേണ്ടതുണ്ട്. സെൻസസിലൂടെ ആനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും- കോടതി അഭിപ്രായപ്പെട്ടു.
മന്ത്രി കെ.ബി. ഗണേശ് കുമാറിന്‍റെ പക്കലുള്ള ഒരാനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും കഴിഞ്ഞ ദിവസം വിവാദ വാർത്തകൾ വന്നിരുന്നു. ആനകളുടെ പ്രായം കണക്കാക്കുന്നത് സംബന്ധിച്ച് വിദഗ്ധരായ ഡോ. ഈസ, ആനന്ദ് കുമാർ എന്നിവരിൽ നിന്ന് കോടതി അഭിപ്രായം തേടിയിട്ടുണ്ട്.