പൊലീസുകാർക്ക് മാനസിക പിരിമുറുക്കമെന്ന് ഡിജിപി; മോശമായി പെരുമാറാനുള്ള ലൈസൻസ് അല്ലെന്ന് കോടതി
കൊച്ചി: പൊലീസുകാരുടെ മോശം പെരുമാറ്റം മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി ഹൈക്കോടതിയിൽ. ആലത്തൂരിൽ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജിയിലാണ് നിലപാടറിയിച്ചത്. എന്നാൽ തെരുവിൽ ജോലി എടുക്കുന്നവർക്കും മാനസിക സമ്മർദം ഉണ്ടെന്നും അത് മോശമായി പെരുമാറാനുള്ള ലൈസൻസ് അല്ലെന്നും കോടതി ഓർമിപ്പിച്ചു. പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച പുതിയ സർക്കുലർ എങ്ങനെയാണ് നടപ്പാക്കാൻ പോകുന്നതെന്ന് അറിയിക്കണമെന്ന് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. ആരോപണ വിധേയനായ എസ്ഐയ്ക്കെതിരേ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. അതേസമയം അഭിഭാഷകനോട് മോശമായ പെരുമാറിയ സംഭവത്തിൽ നിരുപാധികം മാപ്പ് പറയാൻ ഒരുക്കമാണെന്ന് എസ്ഐ റെനീഷ് കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖാമൂലം അറിയിക്കാൻ നിർദേശിച്ച കോടതി ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബ് വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കി. ഹൈക്കോടതി നിർദേശ പ്രകാരമാണ് പുതിയ സർക്കുലർ. പരിശീലന കാലത്തുതന്നെ മാന്യമായി പെരുമാറാനുള്ള ബോധവത്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്റെ ഓഡിയോ വിഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്. പൊലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

