
കോഴിക്കോട്: ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പിനെതിരേ കടുത്ത വിമർശനവുമായി കേരളത്തിലെ സംന്യാസിമാരുടെ കൂട്ടായ്മയായ മാർഗദർശക് മണ്ഡൽ അധ്യക്ഷനും കൊളത്തൂർ അദ്വൈതാശ്രമം അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി. ഉത്സവങ്ങൾ ചോരക്കളങ്ങളാക്കരുതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആനകളെ ഒഴിവാക്കി രഥങ്ങളിൽ എഴുന്നെള്ളിപ്പ് നടത്തണമെന്നും പറഞ്ഞു.
അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ നിർത്തലാക്കണമെന്നും, ആരാധനാലയങ്ങൾ അമിത ശബ്ദത്തിൽ മൈക്കുകൾ പ്രവർത്തിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഈ പരാമർശങ്ങൾ. ആർഎസ്എസ് മുഖപത്രമായ 'കേസരി'യുടെ മുഖ്യ പത്രാധിപരും ആർഎസ്എസ് പ്രചാരകനുമായ ഡോ. മധു മീനച്ചിൽ അടക്കമുള്ളവർ പോസ്റ്റിനെ ശക്തമായി പിന്തുണച്ചു രംഗത്തെത്തിയിട്ടുണ്ട്.
ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടി മെതിക്കപ്പെടുമ്പോഴെങ്കിലും മാറി ചിന്തിച്ചു കൂടേ? അശാസ്ത്രീയ ആന എഴുന്നള്ളത്തിനെതിരേയും കരിമരുന്നു പ്രയോഗങ്ങളേയും കുറിച്ച് കഴിഞ്ഞ മൂന്നര ദശകങ്ങളായി താന്‍ സംസാരിച്ചുവരികയാണ്. അതിന്‍റെ പേരില്‍ പലപ്പോഴും ആചാര വിരുദ്ധന്‍ എന്ന വിമര്‍ശനം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്‍റെ പൂർണരൂപം:
അശാസ്ത്രീയമായി നമ്മുടെ ക്ഷേത്രങ്ങളിൽ നടക്കുന്ന ആനയെഴുന്നെള്ളത്തിനെയും കരിമരുന്നു പ്രയോഗങ്ങളെയും കുറിച്ച് കഴിഞ്ഞ മൂന്നര ദശകങ്ങളായി നമ്മുടെ സമൂഹത്തിൽ വിമർശനം ചെയ്ത് പ്രസംഗിക്കാറുണ്ട്. അതിന്‍റെ പേരിൽ പലപ്പോഴും ആചാര വിരുദ്ധൻ എന്നൊക്കെ പരാമർശങ്ങളും സസന്തോഷം കേൾക്കാറുണ്ട്. ഇവയാൽ നമ്മുടെ നാട്ടിൽ വീണ്ടും വീണ്ടും മനുഷ്യജീവനുകൾ ചവിട്ടി മെതിക്കപ്പെടുമ്പോഴെങ്കിലും ഒന്നു മാറി ചിന്തിച്ചുകൂടേ?
ഒരു ദൃഷ്ടാന്തം പറയാം. കോഴിക്കോട് ജില്ലയിൽ ആനയെഴുന്നള്ളിപ്പുള്ള സ്ഥലമായിരുന്നു വേങ്ങേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. അവിടുത്തെ നവീകരണവുമായി ബന്ധപ്പെട്ട സന്ദർഭത്തിൽ "രക്ഷാധികാരിയെന്ന പേരു വയ്ക്കട്ടേ' എന്നവർ ചോദിച്ചപ്പോൾ ഈ ദുഷിച്ച ചെയ്തി നിർത്തണം എന്ന് അവരോടു പറയുകയുണ്ടായി. ഏതായാലും അവിടുത്തെ സജ്ജനങ്ങളായ പ്രവർത്തകർ ആ ക്ഷേത്രത്തിൽ നല്ല രഥം നിർമിച്ച് ഭഗവാനെ അതിൽ എഴുന്നെള്ളിക്കാനാരംഭിച്ചു. ആനയെ മാറ്റി. ഇപ്പോൾ വളരെ നല്ല നിലയ്ക്ക് ഉത്സവാദി നൈമിത്തികങ്ങൾ നടക്കുന്ന ശ്രേഷ്ഠമായ ക്ഷേത്രമാണത്. എല്ലാ ക്ഷേത്ര കാര്യങ്ങളും സമംഗളം നടക്കുന്നു.
ഇച്ഛാശക്തിയോടെ സമാജ നന്മയ്ക്കു വേണ്ടി മാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ടപ്പെട്ടവർ ശ്രമിക്കൂ. ശാസ്ത്രീയമായി ഇത്ര ഡെസിബൽ ശബ്ദത്തിനു മുകളിൽ പാടില്ലെന്നു നിശ്ചയിച്ചു മാത്രം ആരാധനാലയങ്ങളിൽ നിന്നും രാഷ്‌ട്രീയ വേദികളിൽ നിന്നും ശബ്ദം ഉയരട്ടെ. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ ഭേദമില്ലാതെ മറ്റുള്ളവ നിർത്തപ്പെടട്ടെ. ജനാവാസ കേന്ദ്രങ്ങളിൽ യാതൊരു വ്യവസ്ഥയുമില്ലാതെ ഉയർത്തപ്പെടുന്ന ശബ്ദ മലിനീകരണം അത്യാപത്തെന്ന് നാം തിരിച്ചറിയട്ടെ.
അന്തരീക്ഷ മലിനീകരണം വരുത്തുന്ന കരിമരുന്നുകളിൽ നിന്ന് മത- രാഷ്‌ട്രീയ ഭേദമില്ലാതെ ഏവരും വിട്ടുനിൽക്കട്ടെ. ജീവൻരക്ഷാ പ്രവർത്തനം ചെയ്യുന്ന ആംബുലൻസുകൾക്കു പോലും മലിനീകരണം നിശ്ചിത പരിധിക്കുള്ളിലാണെന്നുള്ള സാക്ഷ്യപത്രം വേണം. എന്നാൽ കരിമരുന്നു പ്രയോഗത്തിൽ ഒന്നും ആവശ്യവുമില്ല.
നാം ഒന്നിച്ചു നമ്മുടെ നന്മയ്ക്കായി യത്നിക്കുക.
ഉത്സവങ്ങൾ രക്തച്ചൊരിച്ചിലുകളുടെയും ആപത്തുകളുടെയും മരണങ്ങളുടെയും വേദിയാവാതെ ഭക്തിയുടെയും ശാസ്ത്രബോധത്തിന്‍റെയും ചൈതന്യ വർധനവിന്‍റെയും വേദികളാവട്ടെ.