
കൊട്ടാരക്കര: ''പോരുന്നോ എന്‍റെ കൂടെ...?'' എന്ന് സോൾട്ട് ആൻഡ് പെപ്പറിൽ കാളിദാസൻ ബാബുവിനോടു ചോദിക്കുന്നത് അയാളുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്‍റെ രുചിയിൽ മയങ്ങിയാണ്, ആൾ കൊട്ടാരക്കരക്കാരനാണെന്ന് ഉണ്ണിയപ്പത്തിലൂടെ തിരിച്ചറിയുകയായിരുന്നു കാളിദാസൻ.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തെക്കുറിച്ചറിയാത്തവർ ആർ. ബാലകൃഷ്ണ പിള്ളയിലൂടെയും, അവിടത്തെ ഉണ്ണിയപ്പത്തെക്കുറിച്ച് അറിയാത്തവർ സോൾട്ട് ആൻഡ് പെപ്പറിലൂടെയും അതറിഞ്ഞിട്ടുണ്ടാകും. അമ്പലപ്പുഴ പാൽപ്പായസത്തോളം പ്രസിദ്ധിയുള്ള ആ കൊട്ടാരക്കര ഉണ്ണിയപ്പത്തിന് വില കൂട്ടിയതാണ് ഇപ്പോഴത്തെ പ്രശ്നം.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ പ്രസാദമായ ഉണ്ണിയപ്പത്തിന് ദേവസ്വം ബോർഡ് അന്യായമായി വില വർധിപ്പിച്ചെന്നാണ് വിശ്വസിന്ദു പരിഷത്ത് പോലുള്ള സംഘടനകൾ ആരോപിക്കുന്നത്. ക്ഷേത്രത്തിൽ പ്രസാദമായി നൽകേണ്ട ഉണ്ണിയപ്പം ദേവസ്വംബോർഡിന്‍റെ ഒരു വരുമാനം മാർഗ്ഗം മാത്രമാക്കി മാറ്റി ഹൈന്ദവ സമൂഹത്തെ കൊള്ളയടിക്കുവാനുള്ള നീക്കാണിതെന്നും അവർക്കു പരാതിയുണ്ട്.
ഇതിന്‍റെ പേരിൽ സമര പരമ്പരകൾക്കു തന്നെ തയാറെടുക്കുകയാണത്രെ ഹിന്ദുത്വ സംഘടന. സ്പീക്കർ എ.എൻ. ഷംസീറിനെതിരേ ഉയർത്തിക്കൊണ്ടുവന്ന ഗണപതി മിത്ത് വിവാദത്തിനു പിന്നാലെയാണ് ഒരിക്കൽക്കൂടി സർക്കാരിനെ ആക്രമിക്കാൻ ഗണപതിയെ മുന്നിൽ നിർത്തുന്നത്.
രാഷ്ട്രീയം മറന്ന് എല്ലാം ഗണേശ ഭക്തിരും സർക്കാരിന്‍റെ ഈ നടപടിക്കെതിരെ വരും ദിവസങ്ങളിൽ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന പ്രതിഷേധ സമരങ്ങളിൽപങ്കെടുക്കണമെന്നാണ് സംഘടനയുടെ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്.