

കൊച്ചിയിൽ വിദ്യാർഥിനിയെ ഇടിപ്പിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി, മൂന്ന് ദിവസമായിട്ടും വണ്ടി കണ്ടെത്താനായില്ല
കൊച്ചി: എറണാകുളം എളമക്കരയിൽ വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ജനുവരി 15നാണ് അപകടമുണ്ടായത്. പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല.
വൈകിട്ട് 3.43ഓടെയാണ് അപകടമുണ്ടായത്. റോഡ് സൈഡിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടത്തിയ കാർ സ്ലോ ചെയ്തെങ്കിലും നിർത്താതെ പോവുകയായിരുന്നു. കറുത്ത നിറത്തിലുള്ള കിയ കാർ ആണ് അപകടമുണ്ടാക്കിയത്. അപകടം കണ്ട് എത്തിയ നാട്ടുകാരും അധ്യാപകരും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
രക്ഷിതാക്കളും സ്കൂൾ അധികൃതരും പൊലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. എന്നാൽ മൂന്ന് ദിവസമായിട്ടും വാഹനം കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. കരളിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടി രണ്ട് ദിവസം ഐസിയുവിലായിരുന്നു.