കുരുടന്‍ മുഴി അഥവാ ഹോറാഗ്ലാനിസ് പോപ്പുലി: കേരളത്തില്‍ പുതിയ ഭൂഗര്‍ഭജല മത്സ്യത്തെ കണ്ടെത്തി

മത്സ്യങ്ങളെപറ്റി  പഠിക്കുവാന്‍ ഗവേഷകരുമായി സഹകരിച്ച പൊതുജനങ്ങളോടുള്ള ബഹുമാനാര്‍ത്ഥമാണ് പോപ്പുലി (ജനങ്ങള്‍) എന്നു പേര് നല്‍കിയത്
കുരുടന്‍ മുഴി അഥവാ ഹോറാഗ്ലാനിസ് പോപ്പുലി: കേരളത്തില്‍ പുതിയ ഭൂഗര്‍ഭജല മത്സ്യത്തെ കണ്ടെത്തി

കേരളത്തില്‍ പുതിയ ഭൂഗര്‍ഭജല കുരുടന്‍ മുഴിയെ കണ്ടെത്തി. ഹോറാഗ്ലാനിസ് പോപ്പുലി (Horaglanis populi) എന്ന് പേരിട്ടിരിക്കുന്ന മത്സ്യത്തെ കോട്ടയം മല്ലപ്പിള്ളിയിലെ കിണറില്‍ നിന്നുമാണു ശേഖരിച്ചത്. ഇതോടുകൂടി കേരളത്തില്‍ കാണുന്ന ഭൂഗര്‍ഭജല മല്‍സ്യങ്ങളുടെ എണ്ണം പന്ത്രണ്ടായി. ഭൂഗര്‍ഭജല മത്സ്യങ്ങളെപറ്റി  പഠിക്കുവാന്‍ ഗവേഷകരുമായി സഹകരിച്ച പൊതുജനങ്ങളോടുള്ള ബഹുമാനാര്‍ത്ഥമാണ് പോപ്പുലി (ജനങ്ങള്‍) എന്നു പേര് നല്‍കിയത്. 

മല്ലപ്പിള്ളിക്ക് പുറമെ തിരുവല്ല, ഇടനാട്, തിരുവണ്ടൂര്‍,  ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഈ മത്സ്യത്തെ കണ്ടെത്തിയിട്ടുണ്ട്. സന്തു, ഐശ്വര്യ ബാലകൃഷ്ണന്‍, ഗോപിക ഗോപാലകൃഷ്ണന്‍, ഹരികുമാര്‍ ടി. ജി, വിജയനാഥന്‍ പിള്ള, അശ്വതി, ഗോപന്‍ എന്നിവരാണു തങ്ങളുടെ വീട്ടിലെ കിണറിൽ നിന്നും ലഭിച്ച മത്സ്യത്തെ ഗവേഷകർക്ക് പഠനത്തിനായി നൽകിയത്.  ചെങ്കല്‍ പ്രദേശത്തെ കിണറുകളിലെ ഉറവുചാലുകളിലാണ് ഇവ കാണപ്പെടുന്നത്. 

ഹോറാഗ്ലാനിസ് കൃഷ്ണണയി, ഹോറാഗ്ലാനിസ് അബ്ദുള്‍കലാമി, ഹോറാഗ്ലാനിസ് ആലിക്കുഞ്ഞി എന്നിവയാണ് കേരളത്തില്‍ കാണപ്പെടുന്ന മറ്റു കുരുടന്‍മുഴികള്‍, ഇവയില്‍ നിന്നും ഏഴു ശതമാനത്തിലധികം ജനതിക വ്യതിയാനമുള്ളതിനാല്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള കുരുടന്‍ മുഴികളുടെ സഹോദരവിഭാഗമായി കണക്കാക്കുന്നു. കണ്ണുകളില്ലാത്തതും ത്വക്കിനു നിറമില്ലാത്തതുമായ മത്സ്യങ്ങളാണിവ. സുതാര്യമായ ത്വക്കിലൂടെ സൂക്ഷ്മ രക്തധമനികള്‍ ചുവപ്പു നിറത്തില്‍ പുറമെ കാണാനാകും. കൈചിറക് വളരെ ചെറുതും വികാസം പ്രാപിക്കാത്തതുമാണ്. നീളമേറിയതും, ഉയര്‍ന്ന സംവേദനക്ഷമതയുള്ളതുമായ മീശകളുമുണ്ട്. ആറുവര്‍ഷത്തെ തിരച്ചിലിനൊടുവില്‍, ജനതികവും, ശരീരഘടന വിശകലനം ചെയ്തും, മൈക്രോ സി.ടി, മുതലായ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ശാസ്ത്രീയപഠനം നടത്തിയത്. കുരുടന്‍മുഴികളിലെ ജനിതകവൈവിധ്യവും വിതരണവും ആദ്യമായിട്ടാണ് പഠനവിധേയമാക്കുന്നത്.

കൊച്ചി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ ഡോ. രാജീവ് രാഘവന്‍, രമ്യ എല്‍ സുന്ദര്‍, ഡല്‍ഹി ശിവ് നാടാര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എമിനന്‍സിലെ ഡോ. നീലേഷ് ദഹാനുകര്‍, ജര്‍മനിയിലെ സെങ്കെന്‍ബെര്‍ഗ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകരായ ഡോ. റാള്‍ഫ് ബ്രിറ്റ്‌സ്, അര്‍ജുന്‍ സി. പി. എന്നിവരാണ് പഠനത്തില്‍ പങ്കെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com