
കൊയിലാണ്ടി: പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന കുതിര ചത്തു. കാപ്പാട് ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് സവാരി നടത്താൻ ഉപയോഗിച്ചിരുന്ന കുതിര ഞായറാഴ്ച രാവിലെയാണ് ചത്തത്.
കഴിഞ്ഞ മാസം 19 നാണ് കുതിരയെ പേപ്പട്ടി കടിച്ചത്. തുടർന്ന് 5 ഡോസ് വാക്സിൻ നൽകിയ ശേഷം നിരീക്ഷിച്ചു വരുകയായിരുന്നു. പിന്നീട് ഓണനാളുകളില്‍ സവാരി നടത്തിയിരുന്നു. വീണ്ടും ക്ഷീണം അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചത്തത്.
പ്രാരംഭ നിഗമനത്തില്‍ കുതിരക്ക് പേവിഷ ബാധയുടെ ലക്ഷണമാണ് കാണിച്ചിരുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍റെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി പരിശോധനകൾക്കായി ശ്രവം ശേഖരിച്ചിരുന്നു. കുതിരയുമായി അടുത്തിടപഴകിയവര്‍, ഉടമസ്ഥര്‍ ഉള്‍പ്പടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.