

തിരുവനന്തപുരം: കർഷകരുടെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹോർട്ടികോർപ്പിലെ കരാർ ജീവനക്കാരൻ അറസ്റ്റിൽ. അക്കൗണ്ട് അസിസ്റ്റന്‍റായ കരമന തളിയിൽ സ്വദേശി കല‍്യാണ സുന്ദറിനെയാണ് ശ്രീകാര‍്യം പൊലീസ് അറസ്റ്റ് ചെയ്തത്. പോങ്ങുംമൂട് ബാബുജി നഗറിലുള്ള ഹോർട്ടികോർപ്പ് ആസ്ഥാനത്തിൽ 2018 മുതൽ കരാർ ജീവനക്കാരനാണ് കല‍്യാണ സുന്ദർ. കഴിഞ്ഞ രണ്ട് വർഷമായി കർഷകരുടെ 10 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
കർഷകരുടെ ബാങ്ക് അക്കൗണ്ട് മാറ്റി ഇയാളുടെ അച്ഛന്‍റെ പേര് ട്രഷറിയിൽ കൊടുത്താണ് പണം തട്ടിയത്. ഹോർട്ടികോർപ്പിന് സാധനങ്ങൾ കൈമാറിയ ശേഷം പിന്നീടാണ് പണം കർഷകരുടെ അക്കൗണ്ടിലെത്തുന്നത്. പണം കിട്ടുന്നില്ലെന്ന പരാതിയുമായി കർഷകർ ഹോർട്ടികോർപ്പിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.
അക്കൗണ്ട് നമ്പർ പരിശോധിച്ചപ്പോഴാണ് കർഷകരുടെ അക്കൗണ്ട് നമ്പറിന് പകരം കല‍്യാണ സുന്ദറിന്‍റെ അച്ഛന്‍റെ അക്കൗണ്ട് നമ്പർ എഴുതി ട്രഷറിയിൽ നിന്നും പണം കൈപറ്റിയതായി കണ്ടെത്തിയത്.
തുടർന്ന് ഹോർട്ടികോർപ്പ് ഉദ‍്യോഗസ്ഥർ ശ്രീകാര‍്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.