

മന്ത്രി കെ.എ. തുളസി
File
തിരുവനന്തപുരം: പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർക്ക് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 1,000 കോടി രൂപയുടെ പുതിയ ഭവന പദ്ധതി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആരംഭിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭവന പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. ഈ വർഷം 25,000 പട്ടികജാതി കുടുംബങ്ങൾക്കും 7,000 പട്ടികവർഗ കുടുംബങ്ങൾക്കും ഭവന നിർമാണ ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. ഭവന പദ്ധതികളിലേക്ക് നാളെ മുതൽ 16ന് വൈകിട്ട് 5 മണി വരെ ബന്ധപ്പെട്ട വികസന ഓഫിസിൽ നേരിട്ടോ വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായോ അപേക്ഷിക്കാം.
പട്ടികവർഗ വികസന വകുപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ നേതൃത്വം നൽകും. നവംബർ 24 വരെ അപേക്ഷകളുടെ പരിശോധന. തയാറാക്കിയ പട്ടിക 30 ന് ബന്ധപ്പെട്ട ജില്ലാ ഓഫിസർക്ക് സമർപ്പിക്കണം. ഡിസംബർ 3ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 6നാണ് സംസ്ഥാനതല ഉദ്ഘാടനം. ഡിസംബറിൽ ആദ്യഗഡു വിതരണം ചെയ്യും.
അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷിക വരുമാന പരിധി 3 ലക്ഷം രൂപയായിരിക്കണം. വിധവകൾ കുടുംബനാഥയായുള്ള കുടുംബങ്ങൾക്കും മാരക രോഗം ബാധിച്ച കുടുംബാംഗങ്ങളുളളവർക്കും മുൻഗണന നൽകും. പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിഭാഗങ്ങൾക്കും മുന്തിയ പരിഗണന ഉണ്ടാകും. പട്ടികജാതി ഭവന പദ്ധതിയിൽ ഗ്രാമപരിധിയിൽ കുറഞ്ഞത് 2 സെന്റും നഗരപരിധിയിൽ കുറഞ്ഞത് ഒന്നര സെന്റും ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 70 വയസിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. 50 വയസിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. 50,000 രൂപ വരെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങൾക്ക് മുൻഗണന നൽകും.
നിർമിക്കുന്ന വീടിന് 500 ചതുരശ്ര അടി വിസ്തീർണം വേണം. പട്ടികവർഗ ഭവനപദ്ധതിയിൽ ഒരു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്കും രണ്ടിലധികം വിദ്യാർഥികളുള്ള കുടുംബത്തിന് മുൻഗണന നൽകും. പട്ടികജാതി ഭവന പദ്ധതി പ്രകാരമുള്ള ഭവന ധനസഹായം 4 ലക്ഷം രൂപയിൽ നിന്നും 6 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്. 4 ഗഡുക്കളായിട്ടാവും പണം വിതരണം.
പട്ടികവർഗ ഭവന നിർമ്മാണ പദ്ധതി ധനസഹായത്തിലും 2 ലക്ഷം രൂപയുടെ വർധനവ് സർക്കാർ വരുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ വീട് വയ്ക്കുന്ന പട്ടികവർഗക്കാർക്ക് 4ൽ നിന്നും 6 ലക്ഷം രൂപയായും, സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേർന്ന് കിടക്കുന്ന ഇടങ്ങളിലും അതീവ ദുർഘട പ്രദേശങ്ങളിലും വീട് വയ്ക്കുന്ന ഗുണഭോക്കാക്കൾക്ക് 6ൽ നിന്നും 8 ലക്ഷമായും വർധിപ്പിച്ചു.
പട്ടികജാതി വിഭാഗങ്ങൾക്കായി 727.68 കോടി രൂപയുടെയും പട്ടികവർഗ വിഭാഗങ്ങൾക്കായി 252.52 കോടി രൂപയുടെയും തനത് ഭവനപദ്ധതികൾക്ക് ഭരണാനുമതി നൽകി. കൂടാതെ പ്രത്യേക ശ്രദ്ധ അർഹിക്കുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് ഭവനനിർമാണ ധനസഹായത്തിന് 20 കോടി രൂപയും വിനിയോഗിക്കും. ഇതോടെ തനത് ഭവനപദ്ധതികൾക്കായി ആകെ 1,000 കോടി രൂപയാണ് നടപ്പുവർഷം വകയിരുത്തുന്നത്.