സംസ്ഥാനത്ത് സ്ത്രീകളും കുട്ടിക‍ളും പ്രതികളാവുന്ന ലഹരികേസുകളിൽ വൻ വർധന; ആശങ്ക

സംസ്ഥാനത്താകെ ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനവാണുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു
huge increase in drug cases involving women and children in kerala
സംസ്ഥാനത്ത് സ്ത്രീകളും കുട്ടിക‍ളും പ്രതികളാവുന്ന ലഹരികേസുകളിൽ വൻ വർധന; ആശങ്ക
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെയും എണ്ണം വര്‍ധിക്കുന്നതായി എക്‌സൈസ് വകുപ്പിന്‍റെ കണക്കുകള്‍. ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള ആദ്യ ഏഴ് മാസങ്ങളിലായി 60 സ്ത്രീകളെ എക്‌സൈസ് ലഹരിക്കേസുകളില്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ വര്‍ഷം ആകെ 85 സ്ത്രീകളായിരുന്നു ലഹരിക്കേസുകളില്‍ പ്രതിയായിരുന്നത്.

ആദ്യ ഏഴ് മാസങ്ങളിലായി ഈ വര്‍ഷം 40 കുട്ടികളും ലഹരിക്കേസുകളില്‍ പ്രതികളായി. കഴിഞ്ഞ 19 മാസത്തിനിടെ 145 സ്ത്രീകളെയും 102 ആണ്‍കുട്ടികളുമാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം ലഹരിക്കേസുകളില്‍ പ്രതികളായത്.​ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കേസുകളില്‍ പ്രതികളാകുന്നത് ലഹരി ഉപയോഗിക്കുമ്പോള്‍ പിടിക്കപ്പെടുന്നതിലൂടെയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അപൂര്‍വമായി മാത്രമേ കുട്ടികള്‍ ലഹരി കടത്തുമ്പോള്‍ പിടികൂടാറുള്ളൂ. എന്നാല്‍, സ്ത്രീകള്‍ മയക്കുമരുന്ന് ദുരുപയോഗത്തിനും കച്ചവടത്തിനും പിടിക്കപ്പെടുന്നു. 25 വയസിന് മുകളിലുള്ള സ്ത്രീകളാണ് പ്രതികളുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍. ഈ പ്രായത്തിലുള്ള 101 സ്ത്രീകളെ മയക്കുമരുന്ന് കച്ചവടത്തിനോ മയക്കുമരുന്ന് ദുരുപയോഗത്തിനോ പിടികൂടിയിട്ടുണ്ട്.

സംസ്ഥാനത്താകെ ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനവാണുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് 544 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഈ കാലയളവില്‍ 53,789 മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 52,897 പേര്‍ അറസ്റ്റിലായി. 154 കേസുകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടു. അതേസമയം, കഞ്ചാവിന്‍റെയും സിന്തറ്റിക് മയക്കുമരുന്നുകളുടെയും ഉപയോഗം വര്‍ധിച്ചപ്പോള്‍ സംസ്ഥാനത്ത് മദ്യത്തിന്‍റെ ഉപയോഗത്തില്‍ നേരിയ കുറവ് വന്നു. 2022-23 വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വില്‍പ്പനയില്‍ 3.14 ലക്ഷം കെയ്സിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിയര്‍ വില്‍പനയില്‍ 7.82 ലക്ഷം കെയ്സിന്‍റെ കുറവുമുണ്ടായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com