
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. എച്ച് 3 എൻ 2 വൈറസ് സാന്നിധ്യവും കൂടുതലായി സ്ഥിരീകരിക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 6 ദിവസത്തിനിടെ 34,137 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 35 പേർക്ക് എലിപ്പനിയും 6 പേർക്ക് ചെള്ളുപനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ എലിപ്പനി ബാധിച്ച ഒരാളും ചെള്ളുപനി ബാധിച്ച ഒരാളും സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. 344 പേർക്ക് പേർക്ക് ചിക്കൻപോക്സും 164 പേർക്ക് ഡെങ്കിപ്പനിയും 4 പേർക്ക് എച്ച് 1 എൻ 1 ഉം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
മെഡിക്കൽ ഗവേഷണ കൗൺസിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഇൻഫ്ളുവൻസ എഎച്ച് 3 എൻ 2 വൈറസ് ചില ജില്ലകളിൽ റിപ്പോർട്ടുചെയ്തെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ല. ഏതൊക്കെ ജില്ലകളിലാണ് ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മുൻ കരുതൽ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പനി ബാധിച്ചവർ ഉടൻ തന്നെ മെഡിക്കൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹോസ്റ്റലുകൾ, ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. അടുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണം. കുടിവെള്ളം അടച്ചു സൂക്ഷിക്കണം. കൊതുകിന് വളരാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.