ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; മണ്ഡലകാല തീർഥാടനത്തിന് തുടക്കമായി

മലയാള മാസം വൃശ്ചികം ഒന്നാം തീയതിയായ ചൊവ്വാഴ്ച പുതിയ മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് ക്ഷേത്രം തുറന്നത്
Huge rush of devotees at Sabarimala; Mandala-kala pilgrimage season begins

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; മണ്ഡലകാല തീർഥാടനത്തിന് തുടക്കമായി

Updated on: 

ശബരിമല: രണ്ട് മാസം നീളുന്ന മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിന് തുടക്കമായതോടെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് അയ്യപ്പക്ഷേത്രം ഭക്തർക്കായി തുറന്നു. ആയിരക്കണക്കിന് തീർഥാടകരാണ് സന്നിധാനത്തെത്തിയത്. മലയാള മാസം വൃശ്ചികം ഒന്നാം തീയതിയായ ചൊവ്വാഴ്ച പുതിയ മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയാണ് ക്ഷേത്രം തുറന്നത്. മാളികപ്പുറം ക്ഷേത്രവും പുതിയ മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഇതേസമയം തുറന്നു.

തിങ്കളാഴ്ച പഴയ മേൽശാന്തിമാർ ചുമതല പുതിയ മേൽശാന്തിമാർക്ക് കൈമാറിയിരുന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്‍റെ കാർമികത്വത്തിൽ നടന്ന പരമ്പരാഗത ചടങ്ങുകൾക്ക് ശേഷമാണ് പുതിയ മേൽശാന്തിമാർ ചുമതലയേറ്റത്.

തീർഥാടനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ വൻ തിരക്കുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വെർച്വൽ ക്യൂ സംവിധാനം വഴി 66,000 പേർ ദർശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്. സ്പോട്ട് ബുക്കിങ് വഴി 14,000 പേരും ദർശനത്തിന് എത്തും. പ്രതിദിന ദർശന പരിധി 80,000 ആയി നിശ്ചയിച്ചിട്ടുണ്ട്.

പതിനെട്ടാംപടിയിലൂടെയുള്ള തീർഥാടകരുടെ സുഗമമായ നീക്കം ഉറപ്പാക്കുകയാണ് പൊലീസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. മിനിറ്റിൽ 75 ഭക്തരെ വീതം പതിനെട്ടാംപടി കയറ്റാനാണ് ലക്ഷ്യമിടുന്നത്. പുലർച്ചെ മൂന്നിന് അയ്യപ്പക്ഷേത്രത്തിലെ നിർമാല്യ ദർശനത്തിൽ സംസ്ഥാന ദേവസ്വം മന്ത്രി കെ. മുരളീധരൻ പങ്കെടുത്തു.

നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാറിന് സമീപത്തെ സത്രം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പമ്പയിൽ സ്പോട്ട് ബുക്കിങ് അനുവദിച്ചിട്ടില്ല. ഇവിടെ തിരക്ക് നിയന്ത്രണാതീതമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഓൺലൈൻ ബുക്കിങ് ലഭിക്കാത്തവർക്ക് നിശ്ചയിച്ച കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ് നടത്തി സന്നിധാനത്തേക്ക് പോകാം.

തീർഥാടനം സുഗമമാക്കാൻ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തിങ്കളാഴ്ച എഡിജിപി പി. വിജയൻ തീർഥാടകരോട് അഭ്യർഥിച്ചിരുന്നു. ഓൺലൈനായി സമയം ബുക്ക് ചെയ്തവർ അനുവദിച്ച സമയത്തുതന്നെ എത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ബുക്ക് ചെയ്തവർ എത്താതിരിക്കുന്നത് മറ്റുള്ളവരുടെ ക്രമീകരണങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ പറഞ്ഞു. വെളിച്ച സംവിധാനം മെച്ചപ്പെടുത്തൽ, മാലിന്യ സംസ്കരണം, തിരക്ക് നിയന്ത്രണം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. നിലയ്ക്കലിലെ വാഹന പാർക്കിങ് കേന്ദ്രം മുതൽ തിരക്ക് നിരീക്ഷിക്കാൻ നിർമിതബുദ്ധി (എഐ) അധിഷ്ഠിത ക്യാമറകൾ ഉപയോഗിക്കും.

തിരക്കിന്‍റെ സാഹചര്യം വിലയിരുത്തി തീർഥാടകരുടെ സന്നിധാനത്തേക്കുള്ള യാത്ര നിയന്ത്രിക്കാൻ കെഎസ്ആർടിസിക്കും പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. ഒരേസമയം ആറായിരത്തോളം പേർക്ക് താമസിക്കാവുന്ന ടെന്‍റുകളും സജ്ജമാക്കിയിട്ടുണ്ട്.

ഡിസംബർ 27ന് നടക്കുന്ന മണ്ഡലപൂജയോടെ മണ്ഡലകാലം സമാപിക്കും. അന്നേദിവസം ക്ഷേത്രം അടയ്ക്കും. തുടർന്ന് ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് തീർഥാടനത്തിനായി വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക് ഉത്സവം. ജനുവരി 19 വരെ ഭക്തർക്ക് ദർശനം അനുവദിക്കും. ജനുവരി 20ന് ക്ഷേത്രം അടയ്ക്കും.