ഭർതൃമാതാവിനെ ഉപദ്രവിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ
ഭർതൃമാതാവിനെ ഉപദ്രവിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Updated on

തിരുവനന്തപുരം: 80കാരിയായ ഭർതൃമാതാവിനെ സ്കൂൾ അധ്യാപികയായ മരുമകൾ ഉപദ്രവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. മർദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിന്‍റെ കൈകാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ചവറയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ് മരുമകൾ മഞ്ജുമോൾ തോമസ്. ചെറിയ കുട്ടികളുടെ മുന്നിലാണ് ഇവർ അമ്മയെ മർദ്ദിച്ചത്. ആറര വർഷമായി മരുമകൾ മർദ്ദനം തുടരുകയാണെന്ന് ഏലിയാമ്മ പറയുന്നു. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മർദനം. വീട്ടിൽ പൂട്ടിയിടുമെന്നും മകൻ ജെയ്സിനേയും മർദിക്കുമെന്നും ഏലിയാമ്മ പറയുന്നു. ഒരു വർഷം മുമ്പ് നടന്ന മർദനത്തിന്‍റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പഞ്ചായത്ത് അംഗത്തിന്‍റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വർഗീസ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ഹയർ സെക്കൻഡറി അധ്യാപികയായ മകൾ മഞ്ജുമോൾ തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെയുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു അറസ്റ്റ്.

വയോജനങ്ങൾക്കെതിരായ അതിക്രമ സംഭവങ്ങൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഏലിയാമ്മയ്ക്ക് മതിയായ സംരക്ഷണവും നിയമസഹായവും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ആവശ്യമായ മറ്റു തുടർനടപടികൾക്കായി റിപ്പോർട്ടിന്‍റെ പകർപ്പ് ബന്ധപ്പെട്ട മെയിന്‍റനൻസ് ട്രിബ്യൂണലിന് കൈമാറണമെന്നും മന്ത്രി ഡോ. ബിന്ദു നിർദേശം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com