ദളിത് യുവതിക്ക് മാനസിക പീഡനം: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു

റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറണം.
Human Rights Commission orders investigation into deaths of children despite rabies vaccination

ദളിത് യുവതിക്ക് മാനസിക പീഡനം: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു

file image

Updated on

തിരുവനന്തപുരം: ബിന്ദുവിന് മാനസികമായി പീഡനമേറ്റ സംഭവം തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി അല്ലെങ്കില്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ റാങ്കില്‍ കുറയാത്ത പൊലീസുദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി സൗത്ത് സോണ്‍ ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം.

പൊലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. ഇര പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന സമയത്ത് സ്റ്റേഷനിലുള്ള സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കണം. ജനറല്‍ ഡയറി, എഫ്ഐആര്‍ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണം.

മോഷണ കേസിലെടുത്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണത്തിന് ഡിവൈഎസ്പി- അസിസ്റ്റന്‍റ് കമ്മിഷണര്‍ക്ക് കൈമാറണം. ഇര പട്ടിക ജാതി വിഭാഗത്തിലുള്ളതിനാല്‍ എസ്‌സി-എസ്ടി അതിക്രമ നിയമപ്രകാരം പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിലയിരുത്തണം. അങ്ങനെയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, പെന്‍ നമ്പര്‍, ഔദ്യോഗിക- താമസ സ്ഥലം മേല്‍വിലാസങ്ങള്‍ എന്നിവ കമ്മിഷനെ അറിയിക്കണം. ഇരയുടെ മേല്‍വിലാസവും കമ്മിഷനെ അറിയിക്കണം. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പൊലീസ് മേധാവി തന്‍റെ വിലയിരുത്തല്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് ഒരു മാസത്തിനകം കമ്മിഷന് സമര്‍പ്പിക്കണം. ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. ജൂലൈ 3ന് രാവിലെ 10ന് മനുഷ്യാവകാശ കമ്മിഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com