

കുട്ടികളില്ലാത്തതിനാൽ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചു, സ്വന്തം കഴുത്തിലിട്ടത് മുറുകാത്ത കുരുക്ക്; ഭാര്യയുടെ മരണത്തിൽ 41കാരൻ അറസ്റ്റിൽ
husband arrested for wife's suicide in kozhinjambara
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എം.എസ്. ശിവാനന്ദനെ (41) കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തത്.
സെപ്റ്റംബർ 25നാണ് കളരിക്കൽ ശ്രീശിവത്തിൽ ദീപികയെ (30) തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ദീപികയെ ശിവാനന്ദനും നാട്ടുകാരുംചേർന്ന് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സെപ്റ്റംബർ 27 നാണ് യുവതി മരിച്ചത്. സംഭവത്തിൽ ശിവാനന്ദൻപറഞ്ഞ കാര്യങ്ങളിൽ സംശയം തോന്നിയതോടെയാണ് കൊഴിഞ്ഞാമ്പാറപോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
പൊലീസ് അന്വേഷണത്തിൽ ദീപികയെ ഒഴിവാക്കാൻ ശിവാനന്ദൻ ആത്മഹത്യാ നാടകം നടത്തുകയായിരുന്നു എന്ന് കണ്ടെത്തി. വിവാഹംകഴിഞ്ഞ് ആറുവർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്നാണ് ശിവാനന്ദൻ ദീപികയെ വിശ്വസിപ്പിച്ചത്. ദീപികയെ ഒഴിവാക്കാൻ നടത്തിയ നാടകമായിരുന്നു ഇതെന്ന് പോലീസ് പറയുന്നു. ഇരുവർക്കും മരിക്കാനായി സാരികൊണ്ട് രണ്ട് കുടുക്കുണ്ടാക്കി. ദീപികയ്ക്കുള്ള കുടുക്ക് മുറുകുന്ന തരത്തിലും ശിവാനന്ദന്റെ കഴുത്തിലിട്ടത് ഒരുതരത്തിലും മുറുകാത്ത തരത്തിലുമുള്ളതായിരുന്നെന്ന് പോലീസ് പറഞ്ഞു.
വൈദ്യപരിശോധന നടത്തിയതിൽ ശിവാനന്ദന്റെ കഴുത്തിൽ ഒരു പാടുപോലും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. തുടർന്നുനടത്തിയ ചോദ്യം ചെയ്യലിൽ ശിവാനന്ദൻ ഇക്കാര്യങ്ങൾ സമ്മതിച്ചതോടെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എസ്‌ഐ കെ. ഷിജുവിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.