
ജസ്റ്റിസ് വി.ജി. അരുൺ
തിരുവനന്തപുരം: മതത്തിന്‍റെ അതിർവരമ്പുകളില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങളെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ. എഴുത്തുകാരായ പവനൻ, വൈശാഖൻ എന്നിവരെ ആദരിക്കാൻ കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതത്തിന്‍റെ കോളം പൂരിപ്പിക്കാതെ കുട്ടികളെ സ്കൂളിലേക്കയച്ച മാതാപിതാക്കളെ അഭിനന്ദിക്കുന്നു. ഈ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. കാരണം, മറ്റുള്ളവർ പകച്ച് നിൽക്കുമ്പോൾ അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും- ജസ്റ്റിസ് അരുൺ പറഞ്ഞു.
സൈബർ ലോകത്ത് വർധിച്ചുവരുന്ന മോശം ഭാഷയിലുള്ള ആക്രമണങ്ങളിലും അധിക്ഷേപങ്ങളിലും ജസ്റ്റിസ് വി.ജി. അരുൺ ആശങ്ക രേഖപ്പെടുത്തി. സൈബർ അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് മുന്നിൽ എത്തിയിട്ടുള്ളത്.
ആ സാഹചര്യങ്ങളിൽ പോസ്റ്റുകളോ കമന്‍റുകളോ വായിക്കേണ്ടതായി വരാറുണ്ട്. ഇത്തരം വാക്കുകൾ ഉപയോഗിച്ച് സ്വന്തം ഭാഷയെ മലിനമാക്കാൻ മലയാളിക്ക് കഴിയുമെന്ന് അത് വായിക്കുമ്പോഴാണ് മനസിലാകുന്നത്. എന്തുകൊണ്ടാണ് ഒരു ശരാശരി മലയാളി ഇത്ര തരം താണ് പോകുന്നതെന്നും ആലോചിച്ചിട്ടുണ്ടെന്നു ജസ്റ്റിസ് അരുൺ പറഞ്ഞു.