കലക്റ്ററുടെ കുഴിനഖം: ഐഎഎസ് - ജോയിന്‍റ് കൗൺസിൽ തർക്കം കുരുക്കിൽ

കലക്റ്ററെ കൂടുതൽ പ്രകോപിപ്പിക്കരുതെന്ന് ജോയിന്‍റ് കൗൺസിലിന് നിർദേശം നൽകിയെന്നു സൂചന
ഐഎഎസ് - ജോയിന്‍റ് കൗൺസിൽ തർക്കം കുരുങ്ങുന്നു
തിരുവനന്തപുരം ജില്ലാ കലക്റ്റർ ജെറോമിക് ജോർജ്file

എം.ബി. സന്തോഷ്

തിരുവനന്തപുരം: ‌ജില്ലാ കലക്റ്ററെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് ഭരണാനുകൂല സംഘടനയായ ജോയിന്‍റ് കൗൺസിലിന്‍റെ നേതാവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിഷയം കൂടുതൽ കുരുങ്ങുന്നു. തിരുവനന്തപുരം കലക്റ്റർ ജെറോമിക് ജോർജിനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ പരസ്യമായി രംഗത്തെത്തിയതോടെ ഇത് ഐഎഎസ് - ജോയിന്‍റ് കൗൺസിൽ തർക്കമായി വളർന്നാൽ പിടിവിട്ടുപോകുമെന്ന കണക്കുകൂട്ടലിൽ സിപിഐയെ രംഗത്തിറക്കാനും ഒരു വിഭാഗം ശ്രമം തുടങ്ങി.

എന്നാൽ, റവന്യൂ വകുപ്പ് 'ഭരിക്കുന്ന' ജോയിന്‍റ് കൗൺസിലിനെതിരേ റവന്യൂ ഉന്നത ഉദ്യോഗസ്ഥർ രംഗത്തെത്തിയതിൽ ഇടപെടേണ്ട എന്ന നിലപാടിലാണ് സിപിഎം അനുകൂല സർവീസ് സംഘടനകൾ. ഇക്കാര്യത്തിൽ പ്രതിപക്ഷ സംഘടനകളും കാഴ്ചക്കാരുടെ റോളിലാണ്.

കലക്റ്ററെ റവന്യൂ വകുപ്പിലെ തഹസീൽദാരും സിപിഐ നിയന്ത്രണത്തിലുള്ള ജോയിന്‍റ് കൗൺസിലിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജയചന്ദ്രൻ കല്ലിങ്കൽ ചാനൽ ചർച്ചയിൽ രൂക്ഷമായി വിമർശിക്കുകയായിരുന്നു. മേലധികാരിയായ കലക്റ്റർക്കെതിരേ തഹസീൽദാരായ ജയചന്ദ്രൻ നടത്തിയ അച്ചടക്ക ലംഘനം ശ്രദ്ധയിൽപ്പെട്ട ഉടൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ജയചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ജനറൽ ആശുപത്രി ഒപിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്റ്ററെ കലക്റ്ററുടെ കുഴിനഖ ചികിത്സയ്ക്ക് ക്യാംപ് ഓഫിസിലേക്കു പറഞ്ഞുവിട്ടതിനെതിരേ പ്രതിഷേധമുയർന്നിരുന്നു. സർക്കാർ ഡോക്റ്റർമാരുടെ സംഘടനയായ കെജിഎംഒഎ ഇതിനെതിരേ പരസ്യമായി രംഗത്തെത്തി. ഇത് വിവാദമായതിൽ സർക്കാരിനും അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് പ്രതിഷേധം കടുപ്പിക്കാൻ ജോയിന്‍റ് കൗൺസിൽ തന്നെ മുന്നിട്ടിറങ്ങിയത്.

അതേസമയം, ഡിഎംഒയും കീഴിലുള്ള അസിസ്റ്റന്‍റ് സിവിൽ സർജന്മാരും അഖിലേന്ത്യാ സിവിൽ സർവീസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സ നൽകാൻ ബാധ്യസ്ഥരാണെന്ന് ഓൾ ഇന്ത്യ സർവീസ് മെഡിക്കൽ അറ്റൻഡൻസ് ചട്ടം ഉദ്ധരിച്ച് ഐഎഎസ് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. ബി. അശോക് പരസ്യമായി ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ചികിത്സ വീട്ടിൽച്ചെന്ന് ചെയ്യാനുള്ള തീരുമാനം ആശുപത്രിയുടെ ചുമതലയുള്ള ഡോക്റ്ററുടേതാണ്. കലക്റ്ററുടെ രോഗം പരസ്യമാക്കിയത് മെഡിക്കൽ എത്തിക്സിന് നൂറു ശതമാനം വിരുദ്ധമായ നെറികേടാണെന്നും ഡോ. അശോക് കുറ്റപ്പെടുത്തി. തെറ്റായ കാര്യങ്ങൾ മറയാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്റ്റർ അവധിയും ചുമതലയും നൽകുന്നതിനെ നിന്ദ്യമായ ഭാഷയിൽ വിമർശിക്കാനുള്ളതല്ല ജയചന്ദ്രന്‍റെ ആവിഷ്കാര സ്വാതന്ത്യമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതോടെയാണ് ഐഎഎസ് - ജോയിന്‍റ് കൗൺസിൽ തർക്കമാവുമെന്ന സൂചന പ്രകടമായത്. "കലക്റ്ററെക്കുറിച്ച് നിരവധി പരാതികൾ (തഹസീൽദാരായ) എനിക്ക് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ലീവും മറ്റും നൽകുന്നില്ല' എന്ന് ജയചന്ദ്രൻ ചാനൽ ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞത് ഡോ. അശോക് ഉദ്ധരിച്ചിട്ടുണ്ട്.

കൺട്രോളിങ് ഓഫിസർക്കെതിരെ കീഴ് ജീവനക്കാരൻ മോശമായി പെരുമാറി എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ റിപ്പോർട്ട് നൽകിയാൽ വിഷയം ഇവിടെ നിൽക്കില്ല. അതുകൊണ്ടു തന്നെ കലക്റ്ററെ കൂടുതൽ പ്രകോപിപ്പിക്കരുതെന്ന് ജോയിന്‍റ് കൗൺസിലിന് നിർദേശം നൽകിയതായാണ് വിവരം.

Trending

No stories found.

Latest News

No stories found.