
പ്രതി സുകാന്ത്
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയ്നിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിലെ പ്രതി മലപ്പുറം സ്വദേശി സുകാന്ത് സുരേഷിനെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ചയാണ് കൊച്ചി ഡിസിപി ഓഫിസിൽ ഇയാൾ കീഴടങ്ങിയത്.
പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുവതിയിൽ നിന്നും പ്രതി പലതവണ പണം വാങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥയുടെ ആറു മാസത്ത ശമ്പളം പ്രതിയുടെ അക്കൗണ്ടിൽ എത്തിയതിനും തെളിവുണ്ട്. സുകാന്ത് വിവാഹത്തിനും പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണം. ടെലഗ്രാം ചാറ്റിന്‍റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്. 'നീ പോയ് ചാവടി' എന്ന സുകാന്തിന്‍റെ സന്ദേശത്തിന് 'ചാവും' എന്നാണ് ഉദ്യോഗസ്ഥ മറുപടി നൽകിയത്.
പ്രതി മറ്റൊരു യുവതിയെയും വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്തിട്ടുണ്ട്. ട്രെയിനിങ് സമയത്ത് മറ്റൊരു യുവതിയെയും ലൈംഗികമായി ഉപയോഗിച്ചു. ഉദ്യോഗസ്ഥ സുകാന്തിൽ നിന്നുതന്നെയാണ് ഗർഭിണിയായത്. ഇതുസംബന്ധിച്ച് ഡോക്ടറുടെ മൊഴിയും റിമാൻഡ് റിപ്പോർട്ടിലുണ്ട്. പ്രതിയുടെ അമ്മാവനാണ് ഒളിവിൽ പോവാൻ സഹായതിച്ചത്. വാഹനം ഏർപ്പാടാക്കി നൽകി. ഫാം ഹൗസിൽ ഒളിവിൽ താമസിപ്പിച്ചതിനുമാണ് അമ്മാവൻ മോഹനെ രണ്ടാം പ്രതിയാക്കിയത്.
രണ്ടു മാസത്തോളം ഒളിവിൽ കഴിഞ്ഞ സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കീഴടങ്ങൽ. മെയ് 22ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയുന്നതു വരെ സുകാന്തിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കീഴടങ്ങിയതെന്നാണ് സൂചന.
അതേസമയം, പൊലീസ് അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം മുഖ്യമന്ത്രിയെയും കണ്ടിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അയാളുടെഅച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനൊപ്പം ഇവരും ഒളിവിലായിരുന്നു.
ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ സുകാന്തിനെതിരേ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 24നാണ് വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ ട്രെയ്ൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവർത്തകനായ സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി. സുകാന്തിനെതിരേ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അയാൾ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്.