

നൊബേൽ സമ്മാന ജേതാവും അമെരിക്കയിലെ കോൾഡ് സ്പ്രിങ് ഹാർബർ ലബോറട്ടറി(സിഎസ്എച്ച് എൽ) യുടെ മുൻ പ്രസിഡന്‍റുമായിരുന്ന പ്രൊഫ.ജയിംസ് വാട്സൺ
FILE PHOTO
തിരുവനന്തപുരം: നൊബേൽ സമ്മാന ജേതാവും അമെരിക്കയിലെ കോൾഡ് സ്പ്രിങ് ഹാർബർ ലബോറട്ടറി(സിഎസ്എച്ച് എൽ) യുടെ മുൻ പ്രസിഡന്‍റുമായിരുന്ന പ്രൊഫ.ജയിംസ് വാട്സണിന്‍റെ നിര്യാണത്തിൽ രാജീവ് ഗാന്ധി സെന്‍റർ ഫൊർ ബയോടെക്നോളജിയിലെ(ബ്രിക്-ആർജിസിബി) ശാസ്ത്ര സമൂഹം അനുശോചനം രേഖപ്പെടുത്തി. ഡിഎൻഎയുടെ ഘടന കണ്ടെത്തിയതിലൂടെ ശാസ്ത്രത്തിൽ ഏറ്റവും നിർണായകമായ മുന്നേറ്റങ്ങളിൽ ഒന്നാണ് ഡോ.വാട്സൺ നടത്തിയത് എന്ന് ആർജിസിബി ഡയറക്റ്റർ(അഡീഷണൽ ചാർജ്) ഡോ.ടി.ആർ. സന്തോഷ് കുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിൽ നടന്ന ബയോടെക്നോളജി വിപ്ലവത്തിന് അടിത്തറ പാകിയത് ഈ നേട്ടമായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു. ആർജിസിബി സ്ഥാപക ഡയറക്റ്റർ, പരേതനായ പ്രൊഫ.എം.ആർ. ദാസിന്‍റെ കാലത്ത് ,1999 ജനുവരി 10-11 തിയതികളിൽ ഡോ.വാട്സൺ തിരുവനന്തപുരത്തെ ആർജിസിബി കേന്ദ്രം സന്ദർശിക്കുകയും അധ്യാപകരുമായും വിദ്യാർഥികളുമായും സംവദിക്കുകയും ചെയ്തിരുന്നു. ഡിഎൻഎ ഘടനയുടെ ക്ലാസിക് കണ്ടു പിടുത്തത്തിന്‍റെ പ്രത്യാഘാതങ്ങളും ഡിഎൻഎയുടെ ഭാഷയിൽ നിന്നു തുടങ്ങുന്ന ജൈവ വിവര കൈമാറ്റത്തിന്‍റെ പ്രാധാന്യവും എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണവും നടത്തിയിരുന്നു എന്ന് ഡോ. സന്തോഷ് കുമാർ പറഞ്ഞു.