
കൊച്ചി: ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ നടത്തിയ പരാമർശങ്ങൾ തന്‍റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. ഹർജി പിൻവലിക്കണമെന്ന് അഭിഭാഷകനോട് ലക്ഷ്മൺ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ എംസിയിലെ പരാമര്‍ശങ്ങളാണ് തന്‍റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഹർജി വിവാദമായതോടെ അച്ചടക്ക നടപടി ഒഴിവാക്കാനാണ് ലക്ഷ്മണയുടെ നീക്കം.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങൾക്കും ഇടപാടുകൾക്കും മധ്യസ്ഥത വഹിക്കുന്ന ഒരു അധികാര കേന്ദ്രം ഉണ്ടെന്നായിരുന്നു ഹർജിയിലെ അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാരുടെ തര്‍ക്കം പോലും തീര്‍പ്പാക്കുന്നതായും ആരോപിക്കപ്പെടുന്നു.