മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം വല്ലാർപാടത്ത്

മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം വല്ലാർപാടത്ത്
മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നു

മദർ ഏലീശ്വാ

Updated on

കൊച്ചി: മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം വല്ലാര്‍പാടം ബസിലിക്കയില്‍ ശനിയാഴ്ച നടത്തും. വൈകിട്ട് 4.30-ന് ആരംഭിക്കുന്ന ദിവ്യബലിയിൽ ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മുഖ്യ കാർമികത്വം വഹിക്കും.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. വത്തിക്കാന്‍റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും.

അത്യുന്നത കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് മദറിന്‍റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

ദിവ്യബലിക്കുശേഷം ഏലീശ്വാമ്മയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെആര്‍എല്‍സിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. കോഫി ടേബിള്‍ ബുക്കിന്‍റെ പ്രകാശനം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യകോപ്പി മദര്‍ ഷഹീല സിടിസിക്ക് നല്‍കും. ബസിലിക്കയിലേക്കുള്ള വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിക്കും.

പ്രഖ്യാപന ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സി ടി സി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല സിടിസി, സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍, ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ എന്നിവർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com