
ജിബി സദാശിവൻ
കൊച്ചി: കേരളത്തിൽ പണിയെടുക്കുന്ന 32 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുടെ മറവിൽ കടന്നുകയറിയ കൊടും ക്രിമിനലുകൾ ജനങ്ങളുടെ സ്വൈര ജീവിതത്തിന് പോലും വെല്ലുവിളിയാകുന്നു. ആർക്കും ഇവിടെ വരാം, യാതൊരു രേഖയുമില്ലാതെ തോന്നുംപോലെ താമസിക്കാം, എപ്പോൾ വേണമെങ്കിലും തിരിച്ചുപോകാം എന്ന അവസ്ഥ അത്യന്തം അപകടകരമാണ്.
അടുത്ത ഏഴു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ എണ്ണം കേരളത്തിലെ ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതായത് ആകെ ജനസംഖ്യയുടെ 16.6 ശതമാനമാണിത്. സംസ്ഥാനത്തിന്‍റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ മാറ്റം ഏറെ സ്വാധീനം ചെലുത്തുന്ന നിര്‍ണ്ണായക ഘടകമാകും.
നിയമപരമായ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പല തൊഴിൽദാതാക്കളും ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നത്. ഇന്ത്യയിൽ തന്നെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള മേഖലയിൽ നിന്നുൾപ്പെടെയാണ് തൊഴിലാളികൾ വരുന്നത്. അതുകൊണ്ടുതന്നെ അവർക്ക് നിയമങ്ങളെക്കുറിച്ചോ അവകാശങ്ങളെക്കുറിച്ചോ ധാരണയുണ്ടാകില്ല. ഈ അവസ്ഥ മുതലെടുക്കുകയാണ് തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്‍റുമാരും കോർപറേറ്റ് സ്ഥാപനങ്ങളും കോൺട്രാക്ടർമാരും ചെയ്യുന്നത്. തൊഴിലിടത്തിൽ എത്തിക്കഴിഞ്ഞാൽ പലപ്പോഴും അവർക്ക് പരാതിപ്പെടാനോ ആവശ്യങ്ങൾ പറയാനോ സാധിക്കാത്ത സാഹചര്യമായിരിക്കും. അതുകൊണ്ടുതന്നെ അവരുടെ തൊഴിലിടങ്ങളിൽ പലപ്പോഴും ഒരു സുരക്ഷയുമുണ്ടാകില്ല. ഇവരിൽ പലരുടെയും വിവരങ്ങൾ സർക്കാരിനോ ഇവരെ കൊണ്ട് വരുന്നവർക്കോ പോലും ലഭ്യമല്ല. ബംഗാള്‍, ബീഹാര്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, അസം തുടങ്ങിയവ കൂടാതെ ഇന്ത്യയിലെ ഇതര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുംവരെ തൊഴില്‍തേടി കേരളത്തിലെത്തുന്നവരാണ് പ്രധാന കുടിയേറ്റക്കാര്‍.
കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെട്ട 3650 കേസുകളാണ് 2016 മുതൽ 2022 വരെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.കേരളത്തിലെ വിവിധ ജയിലുകളില്‍ കൊലക്കയര്‍ കാത്തുകഴിയുന്ന 16 പേരില്‍ 3 പേര്‍ അതിഥികളുടെ കൂട്ടത്തില്‍പ്പെടുന്നു. കണ്ണൂര്‍ ജയിലിലുള്ള പരിമള്‍ ബഹു, വിയ്യൂരുള്ള അസംകാരന്‍ അമീല്‍ ഇസ്ലാം, പൂജപ്പുരയുള്ള യു.പിക്കാരന്‍ നരേന്ദ്രകുമാര്‍ എന്നിവരാണവര്‍. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങിയ 2020 ഒഴികെയുള്ള വർഷങ്ങളിലെല്ലാം കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. കൊലപാതകവും ലൈംഗികാതിക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവും മർദനവും ഉൾപ്പെടെ എല്ലാതരം കുറ്റകൃത്യങ്ങളിലും ഇന്ന് കുടിയേറ്റ തൊഴിലാളികളുടെ പങ്കാളിത്തം വളരെയേറെയാണ്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരും ബംഗാള്‍, അസം കൂടാതെ മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയും കേരളത്തിലെത്തിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത് പലരും കേട്ടില്ലെന്ന് നടിക്കുന്നു. ഇവരുടെ പൗരത്വരേഖയുടെ നിജസ്ഥിതിയും സംശയത്തോടെ കാണേണ്ടിയിരിക്കുന്നു. മ്യാന്‍മറില്‍ നിന്ന് അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലെത്തിയ രോഹിംഗ്യന്‍ വിഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് പറയപ്പെടുന്നതില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരാണ്. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക്; ബംഗ്ലാദേശില്‍ നിന്ന് പുഴകടന്ന് ബംഗാളിലേയ്ക്ക്; നിങ്ങളെവിടെ നിന്ന് എന്നു ചോദിച്ചാല്‍ കല്‍ക്കട്ടയില്‍ നിന്ന് എന്നുള്ള മറുപടി. രേഖകള്‍ വല്ലതുമുണ്ടോയെന്ന ചോദ്യത്തിന് കാണിക്കുന്നത് ഹസ്തരേഖ മാത്രം. ചിലരാകട്ടെ ബംഗളൂരില്‍ നിന്നുള്ള വോട്ടര്‍ ഐഡിയും കാണിക്കും. ഇതെങ്ങനെ കുടിയേറ്റത്തൊഴിലാളികള്‍ സംഘടിപ്പിക്കും? ആരാണിവരുടെ പിന്നില്‍, ഇവരുടെ ലക്ഷ്യമെന്ത്? തൊഴില്‍ ആഭ്യന്തരവകുപ്പുകള്‍ ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്.
നിലവിൽ 32 ലക്ഷം അതിഥി തൊഴിലാളികളെന്നാണ് ശരാശരി കണക്കെങ്കിലും ഇത് 40 ലക്ഷത്തിലേറെ വരും. അടുത്ത വർഷത്തോടെ ഇത് 47.9 ലക്ഷം വരെയാകും. നിലവിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ പണിയെടുക്കുന്നത് നിർമാണ മേഖലയിലാണ്. 17.5 ലക്ഷം. ഒന്നര ലക്ഷത്തിലേറെപ്പേർ ഹോട്ടൽ മേഖലയിലും ആറര ലക്ഷം പേർ ഉത്പാദക മേഖലയിലും പണിയെടുക്കുന്നു. കേരളത്തില്‍ കുടുംബമായി കഴിയുന്ന ഇതര സംസ്ഥാനക്കാര്‍ ഇപ്പോള്‍ 10.3 ലക്ഷത്തോളം വരും. ഇത് 2025ല്‍ 13.2 ലക്ഷമായും, 2030ല്‍ 15.2 ലക്ഷമായും വര്‍ദ്ധിക്കും.