
പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് ദാഹവും ക്ഷീണവുമകറ്റാൻ ദേവസ്വം ബോർഡ് വിതരണം ചെയ്തു വരുന്ന പൈപ്പിലൂടെയുള്ള ചുക്കുവെള്ള വിതരണം ഇനി മുതൽ പതിനെട്ടാം പടി മുതൽ ശബരിപീഠം വരെ ലഭ്യമാകും. ഇതിനായി ശബരിപീഠം വരെ ദേവസ്വം ബോർഡ് പൈപ്പ് ലൈൻ സ്ഥാപിച്ചു. ശരംകുത്തിയിലെ ബോയിലർ പ്ലാന്‍റിൽ നിന്നും നേരിട്ടാണ് തീർഥാടന പാതയിൽ പൈപ്പിലൂടെ ചുക്കുവെള്ളം എത്തിക്കുന്നത്.
പാചക വാതകം ഉപയോഗപ്പെടുത്തിയായിരുന്നു ഈ പ്രദേശങ്ങളിൽ നേരത്തെ ചുക്കുവെള്ളം നൽകിയിരുന്നത്. ചുക്കുവെള്ളം പൈപ്പ് വഴി നൽകുന്നതോടെ പാചകവാതകച്ചെലവും ജീവനക്കാരുടെ അധിക സേവനവും ലാഭിക്കാനാകും. ഉരക്കുഴി മുതൽ നീലിമല വരെ 73 കേന്ദ്രങ്ങളിലാണ് ചുക്ക് വെള്ളം നൽകി വരുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്താണ് വെള്ളം തയ്യാറാക്കുന്നത്.
ശബരിമല ഓവർസിയർമാരായ ജി. ഗോപകുമാർ, രമേഷ് കൃഷ്ണൻ, സ്പെഷ്യൽ ഓഫിസർ ജി.പി. പ്രവീൺ, എഎസ്ഒ ഗോപകുമാർ ജി. നായർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൈപ്പ് ലൈൻ സ്ഥാപിച്ചത്. ചുക്കുവെള്ള വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.