തിരുവനന്തപുരം: കേരള ബെവ്റിജസ് കോർപ്പറേഷൻ (ബെവ്കോ), ട്രാവൻകൂർ ഷുഗേഴ്സ്, മലബാർ ഡിസ്റ്റിലറി ജീവനക്കാർക്ക് ഓണം അഡ്വാൻസ്, ഉത്സവബത്ത, എക്സ്ഗ്രേഷ്യ/ പെർഫോർമൻസ് ഇൻസെന്റീവ് എന്നിവ അനുവദിച്ചതായി എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
ബെവ്റിജസ് കോർപറേഷനിൽ എക്സ്ഗ്രേഷ്യ19.25 ശതമാനവും പെർഫോമൻസ് ഇൻസെന്റീവ് 10.25 ശതമാനവുമാണ് അനുവദിച്ചത്. ഇത് ഒരാള്‍ക്ക് പരമാവധി 90,000 രൂപയായിരിക്കും. ഓണം അഡ്വാൻസായി 35,000 രൂപ നൽകും. 7 മാസം കൊണ്ടിയിരിക്കും ഇത് തിരിച്ചുപിടിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവർക്ക് പരമാവധി 5,000 രൂപയാണ് അനുവദിക്കുക. ശുചീകരണ തൊഴിലാളികള്‍ക്ക് 3,500 രൂപ ഉത്സവബത്ത അനുവദിക്കും. വെയർഹൌസുകളിലും ആസ്ഥാനത്തും സുരക്ഷാ ചുമതലയുള്ളവർക്ക് ഉത്സവബത്ത 11,000 രൂപയായിരിക്കും.
ട്രാവൻകൂർ ഷുഗേഴ്സിലെ സ്ഥിരം ജീവനക്കാർക്ക് ഓണം ബോണസ്/ എക്സ്ഗ്രേഷ്യ/ പെർഫോമൻസ് ഇൻസെന്റീവ് അനുവദിച്ചു. സ്ഥിരം ജീവനക്കാർക്ക് 60,000 രൂപ, കുടുംബശ്രീ ജീവനക്കാർക്ക് 21,000 രൂപ, ദിവസവേതനക്കാർക്ക് 22,000 രൂപ, സുരക്ഷാ ജീവനക്കാർക്ക് 8,000 രൂപ, കയറ്റിറക്ക് തൊഴിലാളികള്‍ക്ക് 4,000 രൂപ നൽകും. സ്ഥിരം ജീവനക്കാർക്ക് 20,000 രൂപയും ദിവസ വേതനക്കാർക്കും ആശ്രിത ജീവനക്കാർക്കും 10,000 രൂപയും അഡ്വാൻസും അനുവദിച്ചു. മലബാർ ഡിസ്റ്റിലറീസ് ജീവനക്കാർക്ക് ഓണം ഫെസ്റ്റിവൽ അലവൻസായി ഒരു മാസത്തെ ശമ്പളവും 4,000 രൂപയും നൽകും. ഓണം അഡ്വാൻസായി 24,000 രൂപയും അനുവദിച്ചു. ചിക്കോപ്സിലെ കാഷ്വൽ തൊഴിലാളികള്‍ക്ക് 6,000 രൂപ സമാശ്വാസമായി അനുവദിക്കും.