
കോളെജ് ഹോസ്റ്റലിൽ നിന്നു കഞ്ചാവ് കണ്ടെത്തിയ സംഭവം: അന്വേഷണത്തിൽ സഹകരിക്കാതെ ഹോസ്റ്റൽ അധികൃതർ
file image
തിരുവനന്തപുരം: കോളെജ് ഹോസ്റ്റലിൽ നിന്നു കഞ്ചാവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ടുളള അന്വേഷണത്തിൽ സഹകരിക്കാതെ കേരള യൂണിവേഴ്സിറ്റി ഹോസ്റ്റൽ അധികൃതർ. എക്സൈസ് ആവശ്യപ്പെട്ടിട്ടും കഞ്ചാവ് കണ്ടെത്തിയ മുറിയിലെ വിദ്യാർഥിയുടെ മുഴുവൻ മേൽവിലാസവും നൽകിയില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഇതോടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയാത്ത അവസ്ഥയാണ് എക്സൈസിന്. ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റൽ മുറിയിൽ നിന്നു കഞ്ചാവ് പിടിച്ചെടുത്തത്.
എന്നാൽ, ഹോസ്റ്റൽ മുറിയിലെ താമസക്കാരൻ ആരാണെന്ന ചോദ്യത്തിന് ഹോസ്റ്റൽ അധികൃതർ നൽകിയ ഉത്തരം തമിഴ്നാട് സ്വദേശിയായ വിദ്യാർഥിയാണെന്നായിരുന്നു. വിദ്യാർഥിയുടെ മുഴുവൻ മേൽവിലാസവും ഉദ്യോഗസ്ഥർ ഹോസ്റ്റൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ ഇതു നൽകാൻ അധികൃതർ തയാറായിട്ടില്ല.
പൂർണ മേൽവിലാസം ലഭിച്ചാൽ മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകുവാൻ സാധിക്കുകയുളളൂ എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ഹോസ്റ്റലിലെ 15 മുറികളിൽ നിലവിൽ വിദ്യാർഥികൾ ഇല്ലെന്നും ആരൊക്കെ വന്നു എന്ന കാര്യം അറിയില്ലെന്നാണ് ഹോസ്റ്റൽ വാർഡൻ എക്സൈസിനെ അറിയിച്ചത്.