പറവ ഫിലിംസിലെ റെയ്‌ഡ്: 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി; സൗബിൻ ചോദ്യമുനയിൽ

പരിശോധന അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്
income tax Raid at Parava Films: Tax evasion of Rs 60 crore found
സൗബിൻ
Updated on

കൊച്ചി: പറവ ഫിലിംസിലെ ആദായനികുതി റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടുമെന്നും പരിശോധന അവസാനിച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് അധികൃതർ അറിയിച്ചു. പണം വന്ന സോഴ്സ് അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. അതേസമയം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിന്‍റെ വിശദീകരണം.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് പറവ ഫിലിംസ് കമ്പനി, ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയിൽ പറവ ഫിലിംസ് യഥാർഥ വരുമാന കണക്കുകൾ നൽകിയില്ലെന്ന് ഐടി വൃത്തങ്ങൾ പറയുന്നു. സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു.

സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികൾ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരുകയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളായ സൗബിനെതിരേ അടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്. ഇതിന് പിന്നാലെയാണ് ഇ ഡി കേസ് എടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും, നിർമാണച്ചെലവ് പെരുപ്പിച്ചു കാണിച്ചെന്നുമാണ് സിറാജിന്‍റെ പരാതിയിൽ പറയുന്നത്. നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് 7കോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.

എന്നാൽ, 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പൊലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും, സിനിമ സൂപ്പർ ഹിറ്റായിട്ടും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com