പരമ്പരാഗത മേഖലകളിലെ റബർകർഷകർക്കുള്ള കേന്ദ്രവിഹിതത്തിൽ വർധന; റബർബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ

ഏറ്റവും മെച്ചപ്പെട്ട വിളവ് നേടാനും ഗുണമേന്മ നിലനിർത്താനും അവർക്ക് കഴിയും. രാജ്യത്തിന് ആവശ്യമായ പ്രകൃതിദത്ത റബർ ഉത്പാദിപ്പിക്കുന്നതിൽ പരമ്പരാഗതമേഖലകൾക്ക് നിർണായകമായ പങ്കുണ്ട്
പരമ്പരാഗത മേഖലകളിലെ റബർകർഷകർക്കുള്ള കേന്ദ്രവിഹിതത്തിൽ വർധന; റബർബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ
Updated on

കോട്ടയം: റബർകൃഷി വികസനത്തിനുവേണ്ടിയുള്ള 'സസ്റ്റൈനബിൾ ആന്റ്റ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ്റ് ഓഫ് നാച്ചുറൽ റബർ സെക്റ്റർ' എന്ന പദ്ധതിക്കായി അടുത്ത 2 വർഷത്തേക്കുള്ള വിഹിതം കേന്ദ്രസർക്കാർ 23% വർധിപ്പിച്ച് 708.69 കോടിയാക്കിയതായി റബർബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ. കേരളവും തമിഴ്നാടും അടക്കമുള്ള പരമ്പരാഗത മേഖലകളിലെ റബർ കർഷകർക്കുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ റബർബോർഡ് തുടരുമെന്നും സാവർ ധനാനിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

2018- 19, 2019-20, 2020-21, 2021-22, 2022- 23, 2023 24 എന്നീ സാമ്പത്തിക വർഷങ്ങളിൽ റബർബോർഡിനുള്ള കേന്ദ്രവിഹിതം യഥാക്രമം 146.62, 170, 221.34, 263.95, 268.76, 268.76 കോടി രൂപ വീതം ആയിരുന്നു. അധികമായി അനുവദിച്ചിരിക്കുന്ന തുക റബർകൃഷി, ഗുണമേന്മയുള്ള നടീൽവസ്തു‌ക്കളുടെ ഉത്പാദനം, ഉത്പാദനക്ഷമത വർധിപ്പിക്കൽ, റബറുത്പാദക സംഘങ്ങളുടെ രൂപവത്ക്കരണം, ഗവേഷണപ്രവർത്തനങ്ങൾ, പരിശീലനങ്ങൾ പ്രയോജനപ്പെടുത്തുക. തുടങ്ങിയവയ്ക്ക് ആയിരിക്കും വിനിയോഗിക്കുക എന്നും ചെയർമാൻ പറഞ്ഞു.

പരമ്പരാഗത മേഖലകളിലെ കർഷകർക്ക് റബർകൃഷിയിൽ പരിചയസമ്പന്നതയും ശാസ്ത്രീയമായ അറിവും ഉണ്ട്. ഏറ്റവും മെച്ചപ്പെട്ട വിളവ് നേടാനും ഗുണമേന്മ നിലനിർത്താനും അവർക്ക് കഴിയും. രാജ്യത്തിന് ആവശ്യമായ പ്രകൃതിദത്ത റബർ ഉത്പാദിപ്പിക്കുന്നതിൽ പരമ്പരാഗതമേഖലകൾക്ക് നിർണായകമായ പങ്കുണ്ട്. ഉപഭോഗം കൂടുന്നതിനാൽ ഇപ്പോൾ നിലവിലുള്ള ഉത്പാദനം കൊണ്ട് രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. റബറിൻ്റെ കാര്യത്തിൽ സ്വയംപര്യാപ്‌തത നേടുക എന്നത് രാജ്യത്തിന്റെ ലക്ഷ്യമാണ്. ഉപഭോഗം കൂടിവരുന്ന സാഹചര്യത്തിൽ കൂടുതൽ റബർ ഉത്പാദിപ്പിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ രാജ്യത്തെ 'ആത്മനിർഭർ' ആക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

കേരളമടക്കമുള്ള പരമ്പരാഗത മേഖലകളിൽ 2024-25, 2025-26 വർഷങ്ങളിലായി 12000 ഹെക്റ്റർ പ്രദേശത്ത് റബർ നടുന്നതിനാണ് റബർബോർഡ് ലക്ഷ്യമിടുന്നത്. അതിനുവേണ്ടി 43.50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇവിടങ്ങളിലെ വർധിച്ചു വരുന്ന കൃഷിച്ചെലവുകൾ കണക്കിലെടുത്ത് ഹെക്റ്റർ പ്രതിയുള്ള ധനസഹായം 25000 രൂപയിൽ നിന്ന് 40000 രൂപയായി ഉയർത്തുകയും ചെയ്തു. ധനസഹായം ഉയർത്തിയതിലൂടെ കൃഷിച്ചെലവുകളുടെ വലിയൊരു പങ്ക് ബോർഡ് വഹിക്കുന്നതിനാൽ ചെറുകിട കർഷകർക്ക് റബർകൃഷി തുടരുന്നതിന് പ്രചോദനമാകും. അതോടൊപ്പം പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളിൽ ഇതേ കാലയളവിൽ 3752 ഹെക്റ്റർ സ്ഥലത്ത് റബർകൃഷിവ്യാപനം നടത്തുന്നതിനാണ് ബോർഡ് ലക്ഷ്യമിടുന്നത്. 18.76 കോടി രൂപ ഇതിനായി വക കൊള്ളിച്ചിട്ടുണ്ട്. ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മരങ്ങൾ റെയിൻഗാർഡ് ചെയ്യുന്നതിനും രോഗപ്രതിരോധത്തിനും ചെറുകിടകർഷകർക്ക് ധനസഹായം നൽകും.

ഇത്തവണ കേന്ദ്രസർക്കാർ പ്രത്യേകം ഊന്നൽ നൽകിയിരിക്കുന്ന ഒരു മേഖല റബർകർഷകരുടെ കൂട്ടായ്‌മകളുടെ ശാക്തീകരണമാണ്. അതുകൊണ്ടാണ് സമൂഹ റബർ സംസ്കരണശാലകൾക്കും റബറുത്പാദക സംഘങ്ങൾക്കും ധനസഹായം ഉൾപ്പെടുത്തിയിട്ടുള്ളത്. സമൂഹ റബർ സംസ്കരണശാലകളുടെ നവീകരണത്തിന് 6 ലക്ഷം രൂപ വരെ നൽകും. സംഘങ്ങൾക്ക് റബർപാൽ സംഭരണത്തിനും ഡി.ആർ.സി ടെസ്റ്റിങിനുമായി പരമാവധി 40000 രൂപ വരെ നൽകുമെന്നും ചെയർമാൻ സാവർ ധനാനിയ പറഞ്ഞു. റബർ ബോർഡ് മുതിർന്ന അംഗം കോര.സി.ജോർജും ഒപ്പമുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.