തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മെഡൽ പ്രഖ്യാപിച്ചു. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 267 പേര്‍ക്കാണ് ഇത്തവണ പൊലീസ് മെഡല്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍, സൈബര്‍ ഡിവിഷന്‍ എസ്.പി. ഹരിശങ്കര്‍ എന്നിവരാണ് പൊലീസ് മെഡലിന് അര്‍ഹരായ ഐപിഎസ് ഉദ്യോഗസ്ഥര്‍. സിവില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ മുതല്‍ എഡിജിപിവരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്.
കുറ്റാന്വേഷണം, ക്രമസമാധാനം, സൈബര്‍ അന്വേഷണം, ബറ്റാലിയന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ മെഡലിന് പരിഗണിച്ചിട്ടുണ്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ ചുമതല വഹിച്ച വ്യക്തിയാണ് ഹരിശങ്കര്‍. ഇതെല്ലാം പരിഗണിച്ചാണ് ഇരുവര്‍ക്കും പൊലീസ് മെഡല്‍ നല്‍കാനുള്ള തീരുമാനത്തിലേക്കെത്തിയത്.