

വന്ദേമാതരം വേണ്ട, സ്വാതന്ത്ര്യദിനത്തിൽ സ്കൂളുകളിൽ പാടുക ദേശിയ ഗാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേ മാതരം ആലപിക്കില്ല. സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ഇറക്കിയ സർക്കുലർ പ്രകാരം ദേശീയ ഗാനം ആലപിക്കാനാണ് നിർദേശം. പൊതുവിദ്യാഭ്യാസ വകുപ്പാണ് സർക്കുലർ സ്കൂളുകൾക്ക് കൈമാറിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും മുഖ്യാതിഥികളാകുന്ന ആഘോഷ ചടങ്ങുകളിലും വന്ദേമാതരം ഉണ്ടാകില്ല.
ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്കോ അതിനുശേഷമോ സ്ഥാപന മേധാവികൾ പതാക ഉയർത്തണമെന്നും അതിനുശേഷം ദേശീയഗാനം ആലപിക്കണമെന്നുമാണ് സർക്കുലറിൽ പറയുന്നു. പതാക ഉയർത്തുമ്പോൾ ഭാരതത്തിന്‍റെ പതാക സംഹിത (2002) കർശനമായി പാലിക്കണം. പ്ലാസ്റ്റിക് പതാകകളുടെ നിർമാണവും ഉപയോഗവും പൂർണമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വന്ദേമാതരം മുഴുവനായും പാടണമെന്ന കേന്ദ്ര സാംസ്ക്കാരിക വകുപ്പ് നിർദേശപ്രകാരം ചീഫ് സെക്രട്ടറി അയച്ച സർക്കുലർ നേരത്തെ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയുടെ സർക്കുലറിന് കാരണം ലോക്ഭവൻ നിർദ്ദേശമാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം വിവാദത്തെ പുതിയ തലത്തിലേക്ക് എത്തിച്ചിരുന്നു. അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നായിരുന്നു ലോക്ഭവൻ വിശദീകരണം. വിവാദത്തിനു പിന്നാലെയാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം ദേശിയ ഗാനം പാടാൻ നിർദേശിച്ചുകൊണ്ട് സർക്കുലർ ഇറക്കിയത്. അത് തന്നെ പിന്തുടരാനാണ് പൊതുവിദ്യാഭ്യാസവകുപ്പും സ്കൂളുകൾക്ക് നൽകിയ നിർദ്ദേശം.