
തിരുവനന്തപുരം: ആധുനിക കാലത്തെ സങ്കീര്‍ണമായ ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതില്‍ ആയുര്‍വേദ ചികിത്സാ സമ്പ്രദായം വലിയ പ്രത്യാശയാണ് നല്‍കുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. സുസ്ഥിര ആരോഗ്യ പരിരക്ഷാ സംവിധാനം എന്ന നിലയിലാണ് ആയുര്‍വേദം പ്രസക്തമാകുന്നത്. ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനം ഇത് ഉള്‍ക്കൊള്ളുന്നു- അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ്- 2023) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലമൊരു ചികിത്സാ സമ്പ്രദായം എന്നതു മാത്രമല്ല, രോഗം ഭേദമാക്കുന്നതിനൊപ്പം ശരീരത്തിന്റെ മൊത്തം ആരോഗ്യം കൂടിയാണ് ആയുര്‍വേദം സംരക്ഷിക്കുന്നത്. രോഗമില്ലായ്മ എന്ന അവസ്ഥയെയാണ് ഇത് ഉള്‍ക്കൊള്ളുന്നത്. ആയുര്‍വേദ വിജ്ഞാനത്തിന്റെയും പ്രയോഗത്തിന്റെയും സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്.
ആയുര്‍വേദത്തിന്റെ വളര്‍ച്ചയും ആഗോള അംഗീകാരവും പ്രോത്സാഹിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ആയുഷ് മന്ത്രാലയം സ്ഥാപിച്ചതും ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആയുര്‍വേദത്തെ ഉള്‍ക്കൊള്ളിച്ചതും ദേശീയ ആയുര്‍വേദ ദിനാചരണത്തിന് പ്രാധാന്യം നല്കിയതും ഈ മേഖലയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്.
ഇന്ത്യ ലോകത്തിന് നല്കിയ സമ്മാനമാണ് യോഗ എന്നും അത് ആരോഗ്യരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദ രംഗത്തെ സംഭാവനകള്‍ക്ക് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി നല്കുന്ന ബൃഹത്രയി രത്ന പുരസ്കാരം വൈദ്യ സദാനന്ദ് പ്രഭാകര്‍ സര്‍ദേശ്മുഖിന് ഉപരാഷ്ട്രപതി സമ്മാനിച്ചു.
ഈ ഫെസ്റ്റിവെലിലൂടെ കേരളത്തിന്റെ ആയുര്‍വേദ, വെല്‍നെസ് ടൂറിസം മേഖലയ്ക്കു കാര്യമായ നേട്ടമുണ്ടാകുമെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ ചൂണ്ടിക്കാട്ടി. ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനും ആഗോള തലത്തില്‍ സ്വീകാര്യത വര്‍ധിപ്പിക്കാനും ശാസ്ത്രീയ ഗവേഷണങ്ങളും ഡോക്യുമെന്റേഷനും വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ഡോ. ശശി തരൂര്‍ എംപി, ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊറ്റേച്ച, ജിഎഎഫ് വര്‍ക്കിങ് ചെയര്മാന് ഡോ. ജി.ജി. ഗംഗാധരന്, ജിഎഎഫ് സെക്രട്ടറി ജനറല്‍ ഡോ. സി. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിക്കുന്നത്. 5ാം തീയതി വരെ നടക്കുന്ന ഫെസ്റ്റിവലിലേക്ക് പ്രവേശനം സൗജന്യം.