ഇൻഡിഗോ വിമാനത്തിനുള്ളിൽ ഇ.പി. ജയരാജൻ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

വലിയതുറ സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്
indigo flight attack case sit formed to probe youth congress leader complaint against ep jayarajan
ഇ.പി. ജയരാജൻfile image
Updated on

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ സിപിഎം നേതാവ് ഇ.പി. ജയരാജൻ ആക്രമിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്‍റെ പരാതിയിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.

വലിയതുറ സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാൽ അന്വേഷണം വേഗത്തിലാക്കാനും പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുമായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം പരാതിക്കാരൻ ഫർസീൻ മജീദ് ഉന്നയിച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ തീരുമാനം. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിനിടെയാണ് ഇ.പി. ജയരാജൻ തന്നെ ആക്രമിച്ചതെന്ന് ആരോപിച്ചാണ് ഫർസീൻ മജീദ് പരാതി നൽകിയത്.

തുടക്കത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ച പരാതിക്കാരന്‍റെ ഹർജിയെ തുടർന്ന് കേസ് റജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ മതിയായ തെളിവുകൾ ലഭിച്ചില്ലെന്ന റിപ്പോർട്ട് പൊലീസ് സമർപ്പിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല. റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും അന്വേഷണം കൂടുതൽ ഫലപ്രദമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നിർദേശിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com