

തിരുവനന്തപുരം: ഏതെങ്കിലും കാരണത്താല്‍ വാക്സിന് എടുക്കാത്തതോ, ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന് നല്കുവാനും കൊവിഡ് മൂലം പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ഉണ്ടായിട്ടുളള കുറവ് നികത്തുവാനും 'മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0' സംസ്ഥാനത്തെ മറ്റൊരു സുപ്രധാന ക്യാംപെയ്നാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലകളിലും പരിപാടി നടപ്പിലാക്കും. ഒന്നാം ഘട്ടം 7 മുതല്‍ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മുന്നാം ഘട്ടം ഒക്റ്റോബര്‍ 9 മുതല്‍ 14 വരെയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷന് നല്കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ 6 ദിവസങ്ങളിലാണു പരിപാടി.
രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണു സമയക്രമം.
പ്രായാനുസൃതമായ ഡോസുകള്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികളെയും എംആര്‍ 1, എംആര്‍2, ഡിപിറ്റി ബൂസ്റ്റര്‍, ഒപിവി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെയുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ വാക്സിന് ദേശീയ വാക്സിനേഷന് പട്ടിക പ്രകാരം എടുത്തിട്ടില്ലാത്ത ഗര്ഭിണികള്ക്കുമാണു വാക്സിന് നല്‍കുന്നത്. മിഷന് ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം 7ന് പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.