ശബരിമല തീർഥാടകർക്ക് ആറ് ഭാഷകളിൽ വിവരങ്ങൾ; 'സാരൺ' ഡിജിറ്റൽ പ്ലാറ്റ്ഫോം തുടങ്ങി

മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ സേവനം ലഭ്യമാകും

Information for Sabarimala pilgrims in six languages

ശബരിമല തീർഥാടകർക്ക് ആറ് ഭാഷകളിൽ വിവരങ്ങൾ

fie
Updated on: 

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് യാത്രാ വിവരങ്ങളും വിശ്രമകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ വിശദാംശങ്ങളും പ്രാദേശിക അറിയിപ്പുകളും ലഭ്യമാക്കുന്നതിനായി ആറ് ഭാഷകളിലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'സാരൺ' ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഐടി വിഭാഗം വികസിപ്പിച്ച ശബരിമല അസിസ്റ്റൻസ് ആൻഡ് റൂട്ട് അഡ്വൈസറി നെറ്റ്‌വർക്ക് (SARAN) മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.

മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ സേവനം ലഭ്യമാകും. പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യാതെ മൊബൈൽ ബ്രൗസറിലൂടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പ്ലാറ്റ്ഫോം ഉപയോഗിക്കാം.

ശബരിമലയിലേക്കുള്ള വിവിധ പാതകളിലെ വിശ്രമകേന്ദ്രങ്ങൾ, കുടിവെള്ളം, ശുചിമുറികൾ, കുളിക്കാനുള്ള സൗകര്യം, പാർക്കിങ്, മൊബൈൽ ചാർജിങ്, സന്നദ്ധ സേവനം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയുടെ വിവരങ്ങൾ പ്ലാറ്റ്ഫോമിൽ ലഭിക്കും.

ലൊക്കേഷൻ സംവിധാനത്തിലൂടെ സമീപത്തെ വിശ്രമകേന്ദ്രങ്ങൾ കണ്ടെത്താം. ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ, എടിഎമ്മുകൾ, പെട്രോൾ പമ്പുകൾ, ബസ് സ്റ്റേഷനുകൾ എന്നിവ കണ്ടെത്താൻ ലൈവ് മാപ്പ് സൗകര്യവുമുണ്ട്.

ദിവസേനയുള്ള പൂജാ സമയങ്ങൾ, അന്നദാനം, പ്രത്യേക ബസ് സർവീസുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കും. വിശ്രമകേന്ദ്രങ്ങളുടെ ശുചിത്വം വിലയിരുത്താനും പരാതികൾ രജിസ്റ്റർ ചെയ്യാനും തീർഥാടകർക്ക് സൗകര്യമുണ്ട്. സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്റ്റർ ദിവ്യ എസ്. അയ്യർ അഭ്യർഥിച്ചു.

അതേസമയം, ശബരിമല തീർഥാടന കാലത്ത് ലഹരിവസ്തുക്കളുടെയും പുകയില ഉൽപ്പന്നങ്ങളുടെയും ഉപയോഗത്തിനെതിരേ എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. ഇതുവരെ നടത്തിയ പരിശോധനകളിൽ 96 കേസുകൾ രജിസ്റ്റർ ചെയ്തു. 19,200 രൂപ പിഴ ഈടാക്കുകയും 300 ഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

സന്നിധാനം, പമ്പ, തീർഥാടന പാതകൾ എന്നിവിടങ്ങളിൽ എല്ലാത്തരം മദ്യത്തിന്‍റെയും ലഹരിവസ്തുക്കളുടെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും വിൽപ്പനയും ഉപയോഗവും കർശനമായി നിരോധിച്ചിട്ടുണ്ട്. പരിശോധനകൾ ഏകോപിപ്പിക്കാൻ മുഴുവൻ സമയ കൺട്രോൾ റൂമും ആരംഭിച്ചു. പരാതികൾ സന്നിധാനം എക്സൈസിന്‍റെ പരാതി പരിഹാര നമ്പറിൽ അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.