

റെജിമോൾ
വാഴക്കുളം: ചപ്പാത്തിമാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയതിനെത്തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോളാണ് (52) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. വീടിനടുത്തു തന്നെയായി റെജിമോൾ ഹാഫ് കുക്ക്ഡ് ചപ്പാത്തി ഉണ്ടാക്കുന്ന സ്ഥാപനം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ 7 മണിയോടെ സ്ഥാപനത്തിലേക്ക് പോയ റെജിമോളെ തെരഞ്ഞ് മകൻ എത്തിയപ്പോഴാണ് യന്ത്രത്തിൽ കൈ കുടുങ്ങി ബോധരഹിതയായി കിടക്കുന്നതായി കണ്ടെത്തിയത്.
ഉടൻ തന്നെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വാരിയെല്ലിനും കൈകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നതിനാൽ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയോടെയാണ് റെജിമോൾ മരണത്തിന് കീഴടങ്ങിയത്.
റെജിമോളുടെ ഭർത്താവ് ജെസ്റ്റിൻ 22 വർഷം മുൻപ് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ജാസ്മിൻ, ജെസ്റ്റോ എന്നിവരാണ് മക്കൾ. ചൊവ്വാഴ്ച രാവിലെ 10.30ന് വാഴക്കുളം സെന്‍റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിലാണ് സംസ്കാരം.