പരുക്കേറ്റ രോഗിക്ക് നഷ്ടപരിഹാരം നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് മൂന്ന് ലക്ഷം രൂപ പിഴ

തുക ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി
Insurance company fined 3.21 lakh for denying compensation to injured patient
പരിക്കേറ്റ രോഗിക്ക് നഷ്ടപരിഹാരം നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് 3.21 ലക്ഷം പിഴ

കൊച്ചി : അപകടത്തിൽപ്പെട്ട രോഗിക്ക് ഹെൽത്ത് ഇൻഷുറൻസ് നിഷേധിച്ചുവെന്ന പരാതിയിൽ നടപടിയുമായി ഉപഭോക്തൃ തർക്ക പരിഹാര കോടതി. മനോരോഗം മൂലം വീടിന്‍റെ ബാൽക്കണിയിൽ നിന്നും ചാടിയത് ആണെന്നും ഇത്തരത്തിലുള്ള അപകടത്തിന് ഇൻഷൂറൻസ് പരിരക്ഷ നൽകാനാവില്ലെന്നുമുള്ള സ്റ്റാർ ഹെൽത്തിന്‍റെ നിലപാട് നിരാകരിച്ചു കൊണ്ട് 3.21 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ആലപ്പുഴ സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവ്.

വീടിന്‍റെ ബാൽക്കണിയിൽ നിന്നും വീണ് പരാതിക്കാരന്‍റെ മകൾക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസക്ക് വിധേയയായിരുന്നു. ഇതേ തുടർന്ന്, സ്റ്റാർ ഹെൽത്തിന്‍റെ ഫാമിലി ഹെൽത്ത് ഒപ്റ്റിമ ഇൻഷൂറൻസ് പോളിസി പ്രകാരമുള്ള ഇൻഷൂറൻസ് ക്ലെയിം നിരസിച്ച നടപടിയാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ആശുപത്രി രേഖകൾ പ്രകാരം ആറ് വർഷമായി മനോരോഗത്തിന് ചികിൽസ തേടിയിരുന്നുവെന്നും അതുമൂലമുള്ള പരിക്കുകൾ "അപകടം " എന്നതിന്‍റെ പരിധിയിൽ വരില്ലെന്നുമുള്ള കാരണം പറഞ്ഞ് ഇൻഷൂറൻസ് കമ്പനി ക്ലെയിം നിരസിച്ചു.

എന്നാൽ, വീട്ടിലെ ബാൽക്കണിയിലെ വെള്ളത്തിൽ തെന്നി വീണാണ് മകൾക്ക് പരുക്കേറ്റതെന്ന് പരാതിയിൽ പറയുന്നു. മനോരോഗം മൂലമാണ് പരിക്കു പറ്റിയതെന്ന് തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിയാത്ത സാഹചര്യത്തിൽ അപകടത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് തുക ലഭിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ടെന്ന് ഡി ബി .ബിനു പ്രസിഡന്‍റും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി വ്യക്തമാക്കി. രണ്ടര ലക്ഷം രൂപ ഇൻഷുറൻസ് തുകയും അമ്പതിനായിരം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷിക്ക് കോടതി നിർദ്ദേശം നൽകി. പരാതിക്കാർക്കു വേണ്ടി അഡ്വ. പോൾ കുര്യാക്കോസ് കെ. ഹാജരായി.

Trending

No stories found.

Latest News

No stories found.